-->
ന്യൂഡല്‍ഹി: ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ചൈനയുള്‍പ്പെടെയുള്ള അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള വിദേശ നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നല്‍കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
2020-ല്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതേത്തുടര്‍ന്ന് ചൈനീസ് കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ സുരക്ഷാ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണു വിവരം. ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുകയോ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയോ വേണമെന്ന് നിതി അയോഗ് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്‌തിരുന്നു. അനുമതികളില്ലാതെ തന്നെ ഇന്ത്യന്‍ കമ്പനികളില്‍ 24% വരെ ഓഹരി പങ്കാളിത്തം ചൈനീസ് കമ്പനികള്‍ക്ക് അനുവദിക്കാമെന്നായിന്നു നിതി ആയോഗിന്റെ ശിപാര്‍ശ. അമേരിക്കയുടെ താരിഫ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നീക്കം ആരംഭിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചൈനീസ് ബിസിനസ് പ്രഫഷണലുകള്‍ക്കുള്ള വിസ നടപടികള്‍ ഇന്ത്യ ലഘൂകരിക്കുകയും ചെയ്‌തു. കൂടാതെ, പൊതുമേഖലാ ഊര്‍ജ-കല്‍ക്കരി കമ്പനികള്‍ ചൈനീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്‌തിരുന്നു.