Saturday, March 14, 2026 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

മദ്യനയക്കേസ്‌: സി.ബി.ഐക്കെതിരായ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്‌ത്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഡല്‍ഹി റോസ്‌ അവന്യൂ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസില്‍ അരവിന്ദ്‌ കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്‌മി പാര്‍ട്ടി (എ.എ.പി) നേതാക്കളെ വെറുതേവിട്ടുകൊണ്ടുള്ള ഉത്തരവിലാണു സി.ബി.ഐയുടെ അന്വേഷണരീതിക്കെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നത്‌. കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരേ സി.ബി.ഐ. നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവിന്റെ ചില ഭാഗങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌.
കേസില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട അരവിന്ദ്‌ കെജ്‌രിവാള്‍, മനീഷ്‌ സിസോദിയ, തെലങ്കാന ജാഗ്രതി നേതാവ്‌ കെ. കവിത എന്നിവരടക്കം 20 പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതി ജസ്‌റ്റിസ്‌ സ്വരണ കാന്ത ശര്‍മ നോട്ടീസ്‌ അയച്ചു. കേസ്‌ ഈമാസം 16 ന്‌ വീണ്ടും പരിഗണിക്കും.
സി.ബി.ഐയുടെ ഹര്‍ജിയില്‍ തീരുമാനമാകും വരെ, മദ്യനയ അഴിമതിയില്‍ എ.എ.പി. നേതാക്കള്‍ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണയും ജഡ്‌ജി സ്‌റ്റേ ചെയ്‌തു. മദ്യനയക്കേസില്‍ അന്വേഷണം നടത്തിയ രീതിയുടെ അടിസ്‌ഥാനത്തില്‍ സി.ബി.ഐ. ഉദ്യോഗസ്‌ഥനെതിരേ അന്വേഷണം നടത്താനും റോസ്‌ അവന്യു കോടതി ഉത്തരവിട്ടിരുന്നു. യാതൊരു തെളിവുമില്ലാതെ കെട്ടിച്ചമച്ച കേസാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. മാപ്പുസാക്ഷിയുടെ മൊഴികളുടെ അടിസ്‌ഥാനത്തിലാണ്‌ കേസിന്റെ ഭൂരിഭാഗവും കെട്ടിച്ചമച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, രാജ്യതലസ്‌ഥാനം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ്‌ ഡല്‍ഹി മദ്യനയ അഴിമതിയെന്നും സി.ബി.ഐ. സൂക്ഷ്‌മവും ശാസ്‌ത്രീയവുമായ അന്വേഷണമാണു നടത്തിയതെന്നും സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
കേസിലെ 23 പ്രതികളെ കുറ്റവിമുക്‌തരാക്കിക്കൊണ്ടുള്ള വിചാരണ കോടതിയുടെ വിധിന്യായത്തിലെ ചില ഭാഗങ്ങള്‍ 'വസ്‌തുതാപരമായി തെറ്റാ'ണെന്നും അന്വേഷണത്തിനിടെ ശേഖരിച്ച പ്രധാന തെളിവുകള്‍ അവഗണിച്ചെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കുറ്റവിമുക്‌തരാക്കിയ ഉത്തരവ്‌ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW