-->
ന്യൂഡല്‍ഹി: പശ്‌ചിമേഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു ലോക്‌സഭ സ്‌തംഭിച്ചു. ഇതുമൂലം സ്‌പീക്കര്‍ ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
സ്‌പീക്കര്‍ക്കെതിരായ അവിശ്വാസം പ്രമേയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍, പശ്‌ചിമേഷ്യ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിലേക്കു പ്രതിപക്ഷം പൊടുന്നനെ മാറുകയായിരുന്നു. സപീക്കര്‍ക്കെതിരായ അവിശ്വാസ പ്രമയം നേരത്തേതന്നെ സഭാ നടപടികളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും അതിനാല്‍, പശ്‌ചിമേഷ്യ പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന അടിയന്തരപ്രമേയം പരിഗണിക്കാനാകില്ലെന്നും അധ്യക്ഷ സ്‌ഥാനത്തുണ്ടായിരുന്ന ജഗദംബിക പാല്‍ വ്യക്‌തമാക്കി. പ്രതിപക്ഷം സഭയെ ബന്ദിയാക്കുകയാണെന്നും രാഷ്‌ട്രീയ അജന്‍ഡയോടെ സഭാ നടപടികള്‍ തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിദിനം ഏകദേശം ഒന്‍പതു കോടി രൂപ പാഴാക്കുന്നുവെന്നും ആരോപിച്ചു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയുടെ ആദ്യദിനം തന്നെ ബഹളത്തില്‍ മുങ്ങുകയായിരുന്നു. 'പശ്‌ചിമേഷ്യ കത്തുന്നു, ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു, മോദി ട്രംപിനു മുന്നില്‍ മുട്ടുമടക്കുന്നത് അവസാനിപ്പിക്കുക' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷം ഉയര്‍ത്തി. ബഹളത്തെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ സഭ പിരിഞ്ഞു.
പശ്‌ചിമേഷ്യയില്‍ സംഭവിക്കുന്നത് ഇന്ത്യക്കും ആഘാതമാകുമെന്നു
ലോക്‌സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു, 'നമ്മുടെ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് വലിയ നഷ്‌ടം സംഭവിക്കാന്‍ പോകുന്നു. ഓഹരി വിപണിയുടെ അവസ്‌ഥ നിങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതില്‍ എന്താണു പ്രശ്‌നം. എണ്ണവില, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ ഇതെല്ലാം പൊതു പ്രശ്‌നങ്ങളാണ്. ലോക്‌സഭാ സ്‌പീക്കറുടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാം. പശ്‌ചിമേഷ്യാ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ബാഹ്യസമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുന്നതിനാല്‍ സമ്പദ്‌രംഗത്തിനേറ്റ ആഘാതം ചര്‍ച്ചചെയ്യാന്‍ മോദിക്കു ഭയമാണ്. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ വില്‍പ്പനച്ചരക്കാക്കുകമാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള വഴി. ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി തയാറാകില്ലെന്നു മാത്രമല്ല, അദ്ദേഹം പാര്‍ലമെന്റിലേക്കു വരികപോലുമില്ലെന്നും രാഹുല്‍ പറഞ്ഞു.
സ്‌പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം ഇപ്പോള്‍ ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണെന്നു ബി.ജെ.പി. നേതാവ് അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
ഫെബ്രുവരി ആദ്യമാണ് സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു, പ്രതിപക്ഷ എം.പിമാരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയ് ആണ് നോട്ടീസ് അവതരിപ്പച്ചത്.
രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ രാവിലെ പങ്കെടുത്ത യോഗത്തിലാണു പാര്‍ലമെന്റിലെ തന്ത്രം മാറ്റാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. കുട്ടികളുള്‍പ്പെടെ 1,200-ലധികം പേരുടെ ജീവന്‍ അപഹരിച്ച ഇറാനിലെ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവിശ്വാസപ്രമേയം പിന്നീട് ചര്‍ച്ചചെയ്യാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും ഈ മാറ്റത്തിനു കാരണമായി. ലക്ഷക്കണക്കിനു മലയാളികള്‍ ജോലിചെയ്യുന്ന ഗള്‍ഫിലെ പ്രതിസന്ധി കേരളത്തെയും ബാധിക്കും. അതിനാല്‍, ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നു കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി.