-->
പെര്‍ത്ത്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് പത്ത് വിക്കറ്റ് ജയം.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 198, രണ്ടാം ഇന്നിങ്‌സ് 149. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 323, രണ്ടാം ഇന്നിങ്‌സ് വിക്കറ്റ് പോകാതെ 28.
രണ്ട് ദിവസത്തെ മത്സരം ശേഷിക്കേയാണ് ഓസീസ് ജയമറിഞ്ഞത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 149 റണ്ണിന് ഓള്‍ഔട്ടായി. 137 പന്തില്‍ 63 റണ്ണെടുത്ത പ്രതീക റാവലും 54 പന്തില്‍ 30 റണ്ണെടുത്ത സ്‌നേഹ് റാണയുമാണു പിടിച്ചു നിന്നത്. ലൂസി ഹാമില്‍ട്ടണ്‍ മൂന്ന് വിക്കറ്റും അനാബെല്‍ സതര്‍ലന്‍ഡ്, അലാന കിങ്, ആഷ്‌ലീഗ് ഗാഡ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ഡാഴ്‌സി ബ്രൗണിനാണ് ഒരു വിക്കറ്റ്‌്.
സ്‌മൃതി മന്ദാന (രണ്ട്), ഷഫാലി വര്‍മ (അഞ്ച്), ജെമീമ റോഡ്രിഗസ് (14), നായിക ഹര്‍മന്‍പ്രീത് കൗര്‍ (11), ദീപ്‌തി ശര്‍മ (ഒന്‍പത്), റിച്ചാ ഘോഷ് (0), കാശ്‌വീ ഗൗതം (0), സായാലി സാത്‌ഘാരെ (മൂന്ന്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. 25 റണ്ണിന്റെ വിജയ ലക്ഷ്യവുമായാണ് ഓസീസ് വനിതകള്‍ രണ്ടാം ഇന്നിങ്‌സില്‍ കളിക്കാനിറങ്ങിയത്. ജോര്‍ജിയ വോള്‍ 13 പന്തില്‍ 16 റണ്ണുമായും ഫോബി ലിച്‌ഫീല്‍ഡ് 14 പന്തില്‍ 11 റണ്ണുമായും പുറത്താകാതെനിന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ അനാബെല്‍ സതര്‍ലന്‍ഡ് (171 പന്തില്‍ 129) സെഞ്ചുറിയുമായും എലിസ പെറി (116 പന്തില്‍ 76) അര്‍ധ സെഞ്ചുറിയുമായും തിളങ്ങി. ആകെ ആറ് വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്‌ത അനാബെലാണു മത്സരത്തിലെ താരം. മത്സരത്തോടെ ഓസ്‌ട്രേലിയയുടെ നായികയും വിക്കറ്റ് കീപ്പറുമാ അലീസ ഹീലി രാജ്യാന്തര ക്രിക്കറ്റിനോടു വിട പറഞ്ഞു.