-->
ഇംഫാല്‍: 2023ലെ വംശീയ സംഘര്‍ഷത്തിന് ഇരയായ മൂന്നരലക്ഷത്തോളം സ്‌ത്രീകള്‍ക്കായി മണിപ്പുര്‍ സര്‍ക്കാര്‍ 350 കോടി രൂപയുടെ ബജറ്റ് വിഹിതം നീക്കിവയ്‌ക്കുമെന്ന് മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ്. ആളൊന്നിന് പതിനായിരം എന്ന കണക്കിലാണ് സമാശ്വാസ ധനം.
രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഇംഫാലില്‍ സാമൂഹികക്ഷേമ വകുപ്പ് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ട് വരാനിരിക്കുന്ന സംസ്‌ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഖേംചന്ദ് സിങ് പറഞ്ഞു.കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പുരിലെ സ്‌ത്രീകള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു. നിരവധി കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്‌ഥാനത്തിന്റെ സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക ഘടന രൂപപ്പെടുത്തുന്നതില്‍ സ്‌ത്രീകള്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു. സ്‌ത്രീവികസനത്തില്‍നിന്ന് സ്‌ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്കുള്ള മാറ്റമാണ് വേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.