-->
കെയ്‌റോ: അയല്‍രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണങ്ങള്‍ വീണ്ടുവിചാരമില്ലായ്‌മ കൊണ്ടാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍. ആക്രമണങ്ങളെ 'തന്ത്രപരമായ വലിയ പിഴവ്' എന്നാണ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്‌റ്റ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ 28 ന് ആരംഭിച്ച യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് മറുപടിയായാണ് അമേരിക്കന്‍ താവളങ്ങള്‍ സ്‌ഥിതിചെയ്യുന്ന ഇസ്രയേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരേ ഇറാന്‍ തിരിച്ചടി തുടങ്ങിയത്. ഈ ആക്രമണങ്ങളെ ഒരു കാരണവും പറഞ്ഞ് ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് കെയ്‌റോയില്‍ നിന്നുള്ള അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര വീഡിയോ കോണ്‍ഫറന്‍സില്‍ അഹമ്മദ് അബൗള്‍ ഗെയ്‌റ്റിന്റെ വാക്കുകള്‍. അറബ് രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ കക്ഷികളല്ല. ആക്രമണങ്ങള്‍ നടത്താന്‍ അവരുടെ പ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്‌തമാക്കിയതാണ്. എന്നിട്ടും ഇറാന്‍ അവരെ ആക്രമിക്കുകയാണ്.യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകളുടെ മധ്യസ്‌ഥത വഹിച്ചിരുന്ന ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഖത്തറും ഈജിപ്‌തും യുദ്ധത്തിന്റെ കെടുതികളില്‍നിന്ന് ഇറാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മേഖലയെയും രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും അബൂള്‍ ഗെയ്‌റ്റ് കൂട്ടിച്ചേര്‍ത്തു.