-->
നിക്കോഷ്യ: സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ദ്വീപിലെ യു.കെയുടെ സാന്നിധ്യത്തിനെതിരേ ജനരോഷം. തലസ്‌ഥാനമായ നിക്കോഷ്യയിലെ പ്രസിഡന്റ് കൊട്ടാരത്തിനു പുറത്ത് നടന്ന പ്രകടനത്തില്‍ 'ബ്രിട്ടീഷ് ബേസുകള്‍ പുറത്തുകടക്കൂ' എന്ന് എഴുതിയ ബാനര്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തി.
'ഞങ്ങള്‍ക്ക് ഒരു സ്വതന്ത്ര സൈപ്രസ് വേണം. തുര്‍ക്കി സര്‍ക്കാര്‍ ഞങ്ങളെ കൈവശപ്പെടുത്തിയിരിക്കുന്നതുപോലെ യു.കെയും സൈപ്രസിനെ കൈവശപ്പെടുത്തിയിരിക്കുകയാണ്'- ബിസിനസുകാരനായ നതാഷ തിയോഡോട്ടോയുടെ വാക്കുകള്‍ ഇങ്ങനെ. 1960-ല്‍ സൈപ്രസിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് കോളനി എന്ന പദവി അവസാനിപ്പിച്ചതാണ്. പക്ഷേ, അന്നത്തെ ഒരു ഉടമ്പടിയുടെ ഭാഗമായി, സൈപ്രസിന്റെ തെക്ക്, തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ രണ്ട് പ്രധാന പരമാധികാര താവളങ്ങളായ അക്രോതിരി, ധേകേലിയ എന്നിവ ബ്രിട്ടന്‍ നിലനിര്‍ത്തി. പിന്നീട് 1974-ല്‍ ഗ്രീസ് പിന്തുണയുള്ള സൈനിക അട്ടിമറിക്ക് മറുപടിയായി തുര്‍ക്കി സൈപ്രസിന്റെ വടക്കന്‍ ഭാഗങ്ങളുടെ മൂന്നിലൊന്നും ആക്രമിച്ച് നിയന്ത്രണം ഏറ്റെടുത്തു.ആര്‍.എ.എഫ് അക്രോതിരിയില്‍ വര്‍ഷിച്ച ഡ്രോണ്‍ ലെബനനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹിസ്‌ബുള്ള വിക്ഷേപിച്ചതാണെന്നാണ് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്‌ഥരുടെ വിലയിരുത്തല്‍. അതേസമയം, സൈപ്രസിലെ തങ്ങളുടെ താവളങ്ങള്‍ ഇറാനെതിരായ മിസൈല്‍ ആക്രമണങ്ങള്‍ക്ക് യു.എസ് ബോംബര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്നാണ് യു.കെ സര്‍ക്കാരിന്റെ വാദം. പക്ഷേ, അമേരിക്കന്‍ യു-2 ചാരവിമാനങ്ങള്‍ ഈ താവളം ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ബ്രിട്ടനെതിരേ സൈപ്രസില്‍ നടന്ന മാര്‍ച്ചില്‍ 200 മുതല്‍ 300 വരെ പ്രതിഷേധക്കാര്‍ പങ്കെടുത്തു. പലസ്‌തീന്‍ അനുകൂല ബാനറുകളും യു.എസിനെയും ഇസ്രയേലിനെയും കടന്നാക്രമിക്കുന്ന പ്ലക്കാഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ര്‍ത്തിക്കാട്ടി.