-->
ടെഹ്‌റാന്‍: യു.എസ്.-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതായി സൂചന. എന്നാല്‍, ഇതിനായി ചുമതലപ്പെടുത്തിയ പുരോഹിത സമിതി പുതിയനേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മോജ്‌തബ ഹുസൈനി ഖമനേയി ആയിരിക്കും ഇറാന്റെ പുതിയ പരമോന്നത നേതാവെന്നാണു സൂചന. പരമോന്നത നേതാവ് 'ശത്രുക്കളാല്‍ വെറുക്കപ്പെട്ടവനായിരിക്കണം' എന്ന ഖമനേയിയുടെ ഉപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതെന്ന് പുരോഹിതസമിതി അംഗമായ ആയത്തുള്ള മൊഹ്‌സന്‍ ഹൈദരി അലേകാസിര്‍ പറഞ്ഞു. അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിലെ ഭൂരിഭാഗം പേരും ഏറ്റവും അനുയോജ്യനായ സ്‌ഥാനാര്‍ഥിയെ അംഗീകരിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. മോജ്‌തബ ഹുസൈനി ഖമനേയി അമേരിക്കയ്‌ക്ക് അസ്വീകാര്യനാണെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്‌താവനയെ സൂചിപ്പിച്ചുകൊണ്ട്, 'മഹാപിശാച്(അമേരിക്ക) പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്' എന്ന് ഹൈദരി പറഞ്ഞു.
അതേസമയം, പുതിയ പരമോന്നത നേതാവിന്റെ നിയമനം ഔദ്യോഗികമാക്കുന്നതിനുള്ള നടപടിക്രമങ്ങളെച്ചൊല്ലി പുരോഹിത സമിതിയില്‍ ചെറിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സുരക്ഷാ കാരണങ്ങളാല്‍ നേരിട്ടുള്ള യോഗം ഒഴിവാക്കി തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, നേരിട്ടുള്ള യോഗം വേണമെന്ന് എതിര്‍ വിഭാഗം വാദിക്കുന്നു. അസംബ്ലി സെക്രട്ടേറിയറ്റ് മേധാവി ആയത്തുള്ള ഹാഷെം ഹുസൈനി ബുഷെഹ്‌രിയായിരിക്കും തീരുമാനം പരസ്യമായി പ്രഖ്യാപിക്കുക.
റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് മോജ്‌തബ ഖമനേയിയെ അടുത്ത പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി കഴിഞ്ഞയാഴ്‌ച ആദ്യം 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.