-->
ദോഹ: ഗള്‍ഫ് മേഖലയിലെ അപ്രതീക്ഷിതമായ വ്യോമപാത നിയന്ത്രണങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും പ്രവാസികളുടെ യാത്രയെ പ്രതിസന്ധിയിലാക്കുന്നു. ദോഹയില്‍നിന്നും അക്‌ബര്‍ ട്രാവല്‍സ് മുഖേന സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോട്ടേക്ക് മടങ്ങാനിരുന്ന 150 പ്രവാസികള്‍ റിയാദില്‍ കുടുങ്ങി. മൂന്നു ദിവസത്തിനിടെ മൂന്നു തവണ വിമാനം റീഷെഡ്യൂള്‍ ചെയ്‌തതോടെ സ്‌ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘം വലിയ ദുരിതത്തിലാണ്.
ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭാഗികമായി വ്യോമപാത അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ യാത്ര തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ദോഹയില്‍നിന്നും മൂന്നു ബസുകളിലാണ് യാത്രാസംഘം റിയാദിലെത്തിയത്. എന്നാല്‍, യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതതോടെ അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ പോലും ഇപ്പോള്‍ റിയാദിലെ ഹോട്ടലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
വെള്ളിയാഴ്‌ച പുലര്‍ച്ചെ 3:30-ന് യാത്രതിരിക്കേണ്ടിയിരുന്ന വിമാനം ബോര്‍ഡിങ് പാസ് നല്‍കിയ ശേഷമാണ് പെട്ടെന്ന് രാത്രി 11:30ലേക്കു മാറ്റിയത്. രാത്രി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വീണ്ടും സമയം ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് 3:30-ലേക്ക് പുനര്‍നിശ്‌ചയിച്ചു. ഒടുവില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 1:30-ന് പുറപ്പെടുമെന്ന് അറിയിച്ച വിമാനവും മുടങ്ങിയതോടെ യാത്രക്കാര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിമാനക്കമ്പനിക്കാണ് ഉത്തരവാദിത്വമെന്ന് ട്രാവല്‍സ് അധികൃതര്‍ പറയുമ്പോള്‍, ട്രാവല്‍സിനെതിരേ വലിയ പ്രതിഷേധത്തിലാണ് യാത്രക്കാര്‍.
ചെക്ക്‌ഇന്‍ പൂര്‍ത്തിയാക്കിയതിനാല്‍ യാത്രക്കാരുടെ ലഗേജുകള്‍ വിമാനക്കമ്പനിയുടെ പക്കലാണ്. മാറിയുടുക്കാന്‍ വസ്‌ത്രമോ അത്യാവശ്യ മരുന്നുകളോ ഇല്ലാത്ത അവസ്‌ഥയിലാണ് പലരും. കടുത്ത മാനസിക സമ്മര്‍ദവും തളര്‍ച്ചയും മൂലം ചില യാത്രക്കാര്‍ക്ക് ചികിത്സ തേടേണ്ടി വന്നു. മലയാളികള്‍ക്കു പുറമേ മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍ സ്വദേശികളും സംഘത്തിലുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ കൊച്ചി, കോഴിക്കോട്, ഡല്‍ഹി സെക്‌ടറുകളിലേക്കുള്ള റെഗുലര്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുമ്പോഴാണ് ചാര്‍ട്ടര്‍ വിമാനം മാത്രം വൈകുന്നത്. ഇതില്‍ വലിയ ുരൂഹതയുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം.
സൗദിയിലേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയും ദോഹയില്‍നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടേഷനും ഉള്‍പ്പെടെ 2800 റിയാലിന്റെ പാക്കേജാണ് അക്‌ബര്‍ ട്രാവല്‍സ് ഈടാക്കിയത്. പ്രശ്‌നം രൂക്ഷമായതോടെ റിയാദിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍, പ്രശ്‌നത്തിന് കൃത്യമായ ഒരു പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഷഫീക്ക് അറയ്‌ക്കല്‍