-->
ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമാക്കി ഇറാനുമേല്‍ ആക്രമണം കടുപ്പിച്ച് യു.എസും ഇസ്രയേലും. തലസ്‌ഥാനമായ ടെഹ്‌റാനിനു സമീപം ഇറാന്റെ അഞ്ച് എണ്ണ സംഭരണശാലകള്‍ക്കു മേല്‍ ഇന്നലെ ബോംബ് വര്‍ഷമുണ്ടായി.
ഇറാന്‍ സൈന്യം ഉപയോഗിക്കുന്നതിനാലാണ് ഇന്ധന ഡിപ്പോകള്‍ ആക്രമിച്ചതെന്നു പറഞ്ഞ ഇസ്രായേല്‍ സൈന്യം ടെഹ്‌റാനിലും മറ്റു സ്‌ഥലങ്ങളിലും ആക്രമണം കുടുതല്‍ കടുപ്പിച്ചതായും സ്‌ഥിരീകരിച്ചു. ഇസ്രായേലിനുനേരേ കൂടുതല്‍ മിസൈലുകള്‍ തൊടുത്ത് ഇറാനും ശക്‌തമായ തിരിച്ചടി നല്‍കി. ഇതോടെ ജറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളിലെ ആളുകളോട് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കി.
സംഘര്‍ഷം ആരംഭിച്ചശേഷം ഇറാനില്‍ മരണസംഖ്യ 1,300 ആയി ഉയര്‍ന്നു. ഇറാന്റെ മധ്യ യാസ്‌ദ് പ്രവിശ്യയില്‍ സ്‌ഫോടനങ്ങളുണ്ടായി. ഇസ്‌ഫഹാനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എഫ്-14 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.
അതിനിടെ, ഗള്‍ഫില്‍ യു.എസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്കുനേരേ ഇറാന്‍ ഇന്നലെയും ആക്രമണങ്ങള്‍ തുടര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലെ യു.എസിന്റെ എംബസികളെയും നയതന്ത്ര ദൗത്യങ്ങളെയുമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. സൗദിയിലെ റിയാദില്‍ യു.എസ്. എംബസിയടക്കം സ്‌ഥിതിചെയ്യുന്ന മേഖയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇറാഖില്‍ ബാഗ്‌ദാദിലെ യു.എസ്. എംബസിക്കു സമീപം റോക്കറ്റ് പതിച്ചു.
ബഹ്‌റൈനില്‍ സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ ഇന്ധന സംഭരണടാങ്കുകള്‍ക്കു നാശമുണ്ടായി. മൂന്ന് ബാലിസ്‌റ്റിക് മിസൈലുകള്‍ തടഞ്ഞതായി കുവൈത്ത് അറിയിച്ചു. റിയാദിന് സമീപം മൂന്നു ഡ്രോണുകള്‍ വെടിവച്ചിട്ടതായി സൗദി അറേബ്യയും പറഞ്ഞു.
ഇറാഖിന്റെ വടക്കന്‍ കുര്‍ദിഷ് മേഖലയിലെ സുലൈമാനിയയില്‍ ഒന്നിലധികം സ്‌ഥലങ്ങള്‍ തകര്‍ന്നു. ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് മേഖലയായ ഇര്‍ബില്‍ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ തര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുടുതല്‍ സ്‌ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത ആറ് മാസത്തേക്ക് 'തീവ്രയുദ്ധം' നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍ വക്‌താവ് അലി മുഹമ്മദ് നൈനിയും മുന്നറിയിപ്പ് നല്‍കി.
ലബനനിലേക്ക് ഇസ്രയേല്‍
ഡ്രോണ്‍വര്‍ഷം
ഇറാനുനേരേയുള്ള ആക്രമണത്തിനു പിന്നാലെ ലബനനിലും ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു. ഇന്നലെ മധ്യ ബെയ്‌റൂട്ടിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ തലസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന, ഇറാന്റെ ഉയര്‍ന്ന ഖുദ്‌സ് ഫോഴ്‌സിന്റെ പ്രധാന കമാന്‍ഡര്‍മാരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍.
കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍-ഹിസ്‌ബുള്ള ഏറ്റമുട്ടല്‍ തുടങ്ങിയശേഷം ഇതാദ്യമായാണ് ലെബനന്‍ തലസ്‌ഥാനമായ ബെയ്‌റൂട്ടില്‍ നഗരപരിധിക്കുള്ളില്‍ ഡ്രോണുകള്‍ പതിക്കുന്നത്. നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തേക്ക് ആക്രമണം നീളുന്നത്. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും രാജ്യത്തിന്റെ തെക്കും കിഴക്കും കനത്ത ബോംബാക്രമണം തുടരുകയാണ്. ഇസ്രയേലി ആക്രമണങ്ങളില്‍ ഇതുവരെ മരണം 394 ആയി. ഇതില്‍ 83 കുട്ടികളും ഉള്‍പ്പെടുന്നു.