Wednesday, March 11, 2026 Last Updated 46 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.51 PM

വിദ്യാര്‍ഥിനികള്‍ക്ക്‌ ഇ-സ്‌കൂട്ടര്‍ നല്‍കുമെന്ന്‌ തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡി

ഹൈദരാബാദ്‌: കോളജ്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ ഇ-സ്‌കൂട്ടര്‍ നല്‍കുന്ന കാര്യം സംസ്‌ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത്‌ റെഡ്‌ഡി. സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്യുന്ന അസത്യങ്ങള്‍ക്കെതിരേ പരാതി നല്‍കാന്‍ ഒരു ഫോറം രൂപീകരിക്കുന്ന കാര്യവും സംസ്‌ഥാനസര്‍ക്കാര്‍ പരിശോധിക്കുമെന്ന്‌അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വനിതാദിനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി.
ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായിരുന്നു വിദ്യാര്‍ഥിനികള്‍ക്കുള്ള ഇ-സ്‌കൂട്ടര്‍ പദ്ധതി. ഈ സാമ്പത്തിക വര്‍ഷം സ്‌കൂട്ടറിന്റെ വിതരണം സാധ്യമായേക്കില്ലെങ്കിലും അതു പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.ആര്‍.ടി.സിയുടെ 2800 ഡീസല്‍ ബസുകള്‍ ഹൈദരാബാദില്‍നിന്നു മാറ്റും. 2026 ഡിസംബറോടെ നഗരത്തില്‍ ഡീസല്‍ ബസുകള്‍ ഉണ്ടാകില്ല. ഡീസല്‍ ബസുകള്‍ക്കു പകരം സര്‍ക്കാര്‍ ഇ.വി എ.സി ബസുകള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഡീസലിലും മറ്റ്‌ ഇന്ധനങ്ങളിലും ഓടുന്ന രണ്ടു ലക്ഷത്തോളം ഓട്ടോകള്‍ ഇവി വാഹനങ്ങളായി പുനഃക്രമീകരിക്കാനുള്ള മറ്റൊരു കര്‍മ്മപദ്ധതി ഉടന്‍ അവതരിപ്പിക്കും. ഇവി വാഹനങ്ങള്‍ വാങ്ങുന്നതിന്‌ തെലങ്കാന സര്‍ക്കാര്‍ നികുതി ചുമത്തുന്നില്ലെന്നും റെഡ്‌ഡി പറഞ്ഞു.മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, മലിനീകരണം കാരണം സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും അവധി പ്രഖ്യാപിക്കുന്ന സാഹചര്യമണ്ടായതായും വ്യക്‌തമാക്കി. ഹൈദരാബാദ്‌ മേഖലയിലെ ഔട്ടര്‍ റിങ്‌ റോഡിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്‌. റെഡ്‌, ഓറഞ്ച്‌' വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ നഗരത്തിനു പുറത്തേക്കു മാറ്റാനുള്ള പദ്ധതികള്‍ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 08 Mar 2026 11.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW