Saturday, March 14, 2026 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.51 PM

'ജഡ്‌ജി നിയമനത്തില്‍ സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരെ പരിഗണിക്കണം'

ന്യൂഡല്‍ഹി: നിയമരംഗത്തേക്ക്‌ കൂടുതല്‍ സ്‌ത്രീകളെ കൊണ്ടുവരുന്നതിനായി നീതിന്യായ വ്യവസ്‌ഥയില്‍ വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌ത്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌.
ജഡ്‌ജി നിയമനത്തിനായി കോടതികളിലെ വനിതാ അഭിഭാഷകരെയും പരിഗണിക്കണമെന്ന്‌ ഹൈക്കോടതി കൊളീജിയങ്ങളോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ നിര്‍ദേശിച്ചു. ബാര്‍ കൗണ്‍സിലിലെ കഴിവുള്ള വനിതാ അംഗങ്ങളെ ജഡ്‌ജിസ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌ ഒരു അപവാദമായല്ല, മറിച്ച്‌ കീഴ്‌വഴക്കമായി ഹൈക്കോടതി കൊളീജിയങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ വിമന്‍ ഇന്‍ ലോ' ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ അഭിഭാഷകര്‍ ആനുകൂല്യങ്ങളല്ല ആഗ്രഹിക്കുന്നതെന്ന ലളിതമായ യാഥാര്‍ഥ്യം ബാറിലെ അംഗങ്ങള്‍ അംഗീകരിക്കണം. അവര്‍ ആഗ്രഹിക്കുന്നത്‌ ദീര്‍ഘകാലമായി അവര്‍ക്ക്‌ ലഭിക്കേണ്ട ന്യായമായ പ്രാതിനിധ്യമാണ്‌. നിയമവ്യവസ്‌ഥ തന്നെ ഈ സത്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ ബെഞ്ചിലേക്കുള്ള പാത കൂടുതല്‍ വ്യക്‌തമാകൂ- അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരും സുപ്രീം കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്നതുമായ വനിതാ അഭിഭാഷകരെ ജഡ്‌ജിമാരായി ഉയര്‍ത്തുന്നതിനായി പരിഗണനാപരിധി വിപുലീകരിക്കാന്‍ ഹൈക്കോടതി കൊളീജിയങ്ങളോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ അഭ്യര്‍ഥിച്ചു.
പുരോഗതി അര്‍ഥവത്താകണമെങ്കില്‍ അത്‌ സ്‌ഥാപനവല്‍ക്കരിക്കപ്പെടണം. പ്രാതിനിധ്യം എന്നത്‌ വ്യക്‌തിപരമായ തീരുമാനങ്ങളിലോ താല്‍ക്കാലികമായ നിശ്‌ചയദാര്‍ഢ്യത്തിലോ അധിഷ്‌ഠിതമാകരുത്‌. അത്‌ സ്‌ഥാപനത്തിന്റെ ഘടനയില്‍ തന്നെ വേരൂന്നിയതായിരിക്കണം.
ജഡ്‌ജി നിയമനത്തിനായി ഹൈക്കോടതികളിലോ ജില്ലകളിലോ നിശ്‌ചിത പ്രായപരിധിക്കുള്ളില്‍ അനുയോജ്യരായ അഭിഭാഷകരെ ലഭ്യമല്ലെങ്കില്‍ സുപ്രീം കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ആ സംസ്‌ഥാനത്തെ വനിതാ അഭിഭാഷകരെ പരിഗണിക്കണം. ജില്ലാ കോടതികളിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത്‌ വലിയ മാറ്റത്തിന്റെ സൂചനയാണ്‌. നിലവില്‍ ജില്ലാ തലത്തില്‍ 36.3 ശതമാനത്തോളം വനിതാ ഉദ്യോഗസ്‌ഥരുണ്ട്‌. സിസ്‌റ്റത്തിന്റെ അടിത്തറയില്‍ ഈ മാറ്റം വരുമ്പോള്‍, അത്‌ വൈകാതെ തന്നെ ഉന്നത നീതിന്യായ പീഠങ്ങളിലും പ്രതിഫലിക്കും. കൊളോണിയല്‍ ഭരണകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ നിയമം പ്രാക്‌ടീസ്‌ ചെയ്യാന്‍ പോലും അനുവാദമില്ലായിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. വീടുകളിലും ജോലിസ്‌ഥലങ്ങളിലും നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളുണ്ട്‌. അത്‌ കോടതികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ആഴമുള്ളതാക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി രമണ, ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭുയാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Sunday 08 Mar 2026 11.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW