-->
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡാര്‍ക്ക് വെബ് അധിഷ്‌ഠിത മയക്കുമരുന്നുകടത്ത് വേട്ട. രണ്ടുപേരെ നര്‍ക്കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്‌റ്റ് ചെയ്‌തു. ഇവരില്‍നിന്നു രാജ്യാന്തര വിപണയില്‍ 5 കോടി രൂപ വിലമതിക്കുന്ന മയക്ക് മരുന്ന് ശേഖരം പിടിച്ചെടുത്തു.
മൂന്നു മാസത്തോളം രഹസ്യശൃംഖലയെ നിരീക്ഷിച്ചശേഷമാണ് പതിവ് കുറ്റവാളികളായ അനുരാഗ് താക്കൂര്‍, വികാസ് രതി എന്നിവരെ എന്‍.സി.ബി. അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ അറസ്‌റ്റോടെ ഡാര്‍ക്ക് വെബ് അധിഷ്‌ഠിത മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ത്തതായി എന്‍.സി.ബി. കൂട്ടിച്ചേര്‍ത്തു.
2025 ജനുവരി മുതല്‍ 1,000-ത്തിലധികം ചരക്കുകള്‍ കയറ്റി അയച്ച ഈ ശൃംഖല, ''ടീം കല്‍ക്കി'' എന്ന കോഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചത്. പണം കൈമാറ്റത്തിനും വെളിപ്പിക്കലിനുമായി ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചിരുന്നുവെന്നും എന്‍.സി.ബി. അറിയിച്ചു.നെതര്‍ലന്‍ഡ്‌സില്‍നിന്നു വന്ന രണ്ട് പാഴ്‌സലുകള്‍ക്കു പുറമേ, ആഭ്യന്തരമായി പിടിച്ചെടുത്ത 13 പാഴ്‌സലുകളില്‍ നിന്ന് 2,338 എല്‍.എസ്.ഡി. ബ്ലോട്ടുകള്‍, 160 എം.ഡി.എം.എ. ഗുളികകള്‍, 73 ഗ്രാം ചരസ്, 3.64 ഗ്രാം ആംഫെറ്റാമൈന്‍, 3.6 കിലോ ലിക്വിഡ് എം.ഡി.എം.എ. എന്നിവ പിടിച്ചെടുത്തതായി ഏജന്‍സി അറിയിച്ചു.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക്‌നെറ്റ് അധിഷ്‌ഠിത മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ക്കെതിരായ സുപ്രധാന നടപടികളില്‍ ഒന്നാണിതെന്നു എന്‍.സി.ബി. കൂട്ടിച്ചേര്‍ത്തു.നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ജര്‍മ്മനി എന്നിവിടങ്ങള്‍ ആസ്‌ഥാനമായുള്ള രാജ്യാന്തര ഡാര്‍ക്ക്‌നെറ്റ് വില്‍പ്പനക്കാരില്‍നിന്ന് രണ്ടു പ്രതികളും എല്‍.എസ്.ഡിയും എം.ഡി.എം.എയും വാങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ ഉപഭോക്‌താക്കളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഡാര്‍ക്ക് വെബ് ഫോറം ഡ്രെഡ്, സെഷന്‍ മെസേജിങ് ആപ്ലിക്കേഷന്‍ പോലുള്ള രഹസ്യ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിച്ചതായും ഏജന്‍സി പറഞ്ഞു. ഇത് രഹസ്യാത്മകതയും ഡിജിറ്റല്‍ രേഖകള്‍ മറച്ചുവയ്‌ക്കാനും സാധ്യമാക്കി.ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ നെറ്റ്‌വര്‍ക്കിന്റെ ഓപ്പറേറ്റര്‍മാര്‍ ഡെഡ് ഡ്രോപ്പ് ഡെലിവറി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചു. അവിടെ മയക്കുമരുന്ന് പാഴ്‌സലുകള്‍ നേരിട്ട് ഉപഭോക്‌താക്കള്‍ക്ക് കൈമാറുന്നതിനു പകരം മുന്‍കൂട്ടി നിശ്‌ചയിച്ച സ്‌ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു. ഈ രീതി മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ രഹസ്യം സൂക്ഷിക്കുന്നു. ഇന്ത്യ മുഴുവന്‍ മയക്കുമരുന്ന് വിതരണം ചെയ്യാനായി പ്രതികള്‍ സ്‌പീഡ് പോസ്‌റ്റും കൊറിയര്‍ സേവനങ്ങളും ഉപയോഗിച്ചെന്നും ഏജസി പറഞ്ഞു.