-->
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാ സ്‌ഥാനാര്‍ഥിയായതിനു പിന്നാലെ മകന്‍ നിശാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു. നിശാന്തിന്റെ ഔദ്യോഗിക പാര്‍ട്ടിപ്രവേശം സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവായേക്കുമെന്നാണ് അഭ്യൂഹം. ബിഹാര്‍ ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
എന്‍ജിനീയറിങ് ബിരുദധാരിയായ നിശാന്ത് ബിഹാറില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍ ജെ.ഡി.യുവിന്റെ നോമിനിയാകുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിതാവ് നിതീഷ് കുമാര്‍തന്നെ ഉപരിസഭയിലേക്കു മത്സരിക്കാന്‍ തയ്യാറായപ്പോഴാണ് അദ്ദേഹം ഒഴിയുന്ന സംസ്‌ഥാനരാഷ്‌ട്രീയത്തിലേക്ക് നിശാന്ത് കടന്നുവരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് നിശാന്തിന്റെ ജെ.ഡി.യു പ്രവേശനമെന്നും പറയപ്പെടുന്നു. പിതാവ് ഇരുപതു വര്‍ഷമായി ചെയ്‌ത കാര്യങ്ങളില്‍ താനും ബിഹാറും അഭിമാനിക്കുന്നതായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചശേഷം നിശാന്ത് പറഞ്ഞു.
എല്ലാവരും തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തില്‍ ജീവിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശാന്ത് പാര്‍ട്ടിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് മുതിര്‍ന്ന ജെ.ഡി.യു നേതാക്കളുമായും യുവ എം.എല്‍.എമാരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനുശേഷം പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സഞ്‌ജയ് കുമാര്‍ ഝായുടെ വസതിയില്‍ ജെ.ഡി.യു ജില്ലാ പ്രസിഡന്റുമാരുമായും യോഗം ചേര്‍ന്നു. യോഗത്തില്‍ കേന്ദ്രമന്ത്രി രാജീവ് രഞ്‌ജന്‍ ലാലന്‍ സിങ്ങും പങ്കെടുത്തു.
പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ രാജ്യസഭയിലേക്കു പോയശേഷം എങ്ങനെ മുന്നോട്ടു നീങ്ങാം എന്നതിനെക്കുറിച്ചും പാര്‍ട്ടിയുടെ ഭാവിതന്ത്രങ്ങള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തതായി വാര്‍ത്തകളുണ്ട്. നിശാന്ത് കുമാറിനു സംഘടനയില്‍ കൂടുതല്‍ ചുമതല നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അദ്ദേഹത്തിന് എന്തു റോളാണുള്ളതെന്ന് പാര്‍ട്ടി മുന്‍കൂട്ടി തീരുമാനിക്കും. ഇത് നിതീഷ്‌ജിയുടെ പാര്‍ട്ടിയാണ്. അദ്ദേഹം രാജ്യസഭയിലേക്കു പോയാലും 2030 വരെ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും-ജെ.ഡി.യു നേതാവ് സഞ്‌ജയ് ഝാ പറഞ്ഞു.നിതീഷ് കുമാര്‍ സ്‌ഥാനമൊഴിഞ്ഞശേഷം വരുന്ന പുതിയ സര്‍ക്കാരില്‍ നിശാന്തിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ 'ഐകകണ്‌ഠ്യേന തീരുമാനമെടുത്തതായി ജെ.ഡി.യു എംഎല്‍.എ ഹരിനാരായണ്‍ സിങ് അവകാശപ്പെട്ടു. എന്നാല്‍, ഇത് മറ്റ് നിയമസഭാംഗങ്ങള്‍ ഇത് സ്‌ഥിരീകരിച്ചില്ല.
സര്‍ക്കാര്‍ രൂപീകരണം ആരംഭിക്കുമ്പോള്‍ മന്ത്രിസഭയില്‍ ആരൊക്കെ എത്തണമെന്നും നിശാന്തിന് എന്തു റോള്‍ നല്‍കണമെന്നും തീരുമാനിക്കുമെന്ന് നിയമസഭാംഗം ഭഗവാന്‍ സിങ് കുശ്വാഹ പറഞ്ഞു. അതേസമയം, നിശാന്ത് പാര്‍ട്ടിക്കും ബിഹാറിനും വ്യത്യസ്‌തമായ ഒരു പ്രതീക്ഷയായിരിക്കുമെന്ന് ജെ.ഡി.യു വക്‌താവ് നീരജ് കുമാര്‍ പ്രതികരിച്ചു. കളങ്കമില്ലാത്ത ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹത്തിന് വലിയ ശക്‌തിയായിരിക്കുമെന്നും നീരജ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.