Tuesday, March 10, 2026 Last Updated 55 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.36 PM

ഇറാന്‍ ഇനി ആര്‌ ഭരിക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കും: ട്രംപ്‌

uploads/news/2026/03/828988/int1.jpg

വാഷിങ്‌ടണ്‍: ഇറാനു പുതിയ ഭരണാധികാരിയെ നിയമിക്കാന്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. പരമോന്നത നേതാവ്‌ ആയത്തൊള്ള അലി ഖമനേയി, മറ്റു മതപണ്ഡിതന്മാര്‍, കമാന്‍ഡര്‍മാര്‍ എന്നിവര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇനി ആരാണ്‌ ഭരിക്കേണ്ടതെന്നു താന്‍ തീരുമാനിക്കുമെന്നു ട്രംപ്‌ പ്രഖ്യാപിച്ചു. എന്നാല്‍, നിലവിലുള്ള ഭരണകൂടം ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.
ഇറാനിലെ മതഭരണകൂടത്തിന്‌ 'മഹാ പാപമായി' അവര്‍ മുദ്രകുത്തിയ യു.എസിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല.
വാഷിങ്‌ടണുമായി യോജിച്ചുപോകുന്ന ഉന്നത മതപണ്ഡിതനെ തെരഞ്ഞെടുക്കുന്ന കാര്യം ഇറാനിലെ പ്രതിസന്ധിയിലായ നേതൃത്വം പരിഗണിക്കുമോ എന്നു വ്യക്‌തമല്ല. ഇറാനിലെ ഭരണനേതൃത്വത്തില്‍ ഇപ്പോള്‍ മൂന്ന്‌ വിഭാഗങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്‌. 'പരിഷ്‌കരണവാദികള്‍', 'പ്രായോഗികവാദികള്‍', 'പ്രിന്‍സിപ്പലിസ്‌റ്റുകള്‍' എന്നറിയപ്പെടുന്ന തീവ്രവാദികള്‍ എന്നിങ്ങനെയാണു ചേരിതിരിവ്‌. എന്നാല്‍ അവര്‍ക്കെല്ലാം ഒരു ലക്ഷ്യത്തില്‍ പൊതുവായ ധാരണയുണ്ട്‌: തങ്ങളെ അധികാരത്തില്‍ നിലനിര്‍ത്തുന്ന സംവിധാനത്തിന്റെ നിലനില്‍പ്പ്‌.
യുദ്ധം ഒരു ആഴ്‌ച പിന്നിടുമ്പോള്‍, തീവ്രവാദികള്‍ ഇപ്പോഴും ഭരണനേതൃത്വത്തില്‍ സ്വാധീനം പുലര്‍ത്തുന്നുണ്ട്‌. ഇറാന്‍ നിബന്ധനകളില്ലാതെ കീഴടങ്ങിയാല്‍' മാത്രമേ താന്‍ മികച്ചതും സ്വീകാര്യവുമായ ഒരു നേതാവിനെ' തെരഞ്ഞെടുക്കൂ എന്നാണു ട്രംപിന്റെ നിലപാട്‌. തന്റെ ഇപ്പോഴത്തെ ലക്ഷ്യം ഭരണകൂടത്തെ മാറ്റുക എന്നതല്ല, മറിച്ച്‌ ഭരണകൂടത്തിനുള്ളില്‍ ഒരു മാറ്റം വരുത്തുക എന്നതാണെന്ന്‌ അദ്ദേഹം പറയുന്നു. എങ്കിലും, ദിവസത്തിനനുസരിച്ച്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ മാറാം.
പരമോന്നത നേതാവിന്റെ അവസാനം ഇസ്ലാമിക റിപ്പബ്ലിക്കിന്റെ അവസാനത്തിന്‌ വഴിവയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ച ഇറാനികള്‍ക്ക്‌ ഇത്‌ നിരാശയുണ്ടാക്കും. വെനസ്വേലയിലെ ഡെല്‍സി റോഡ്രിഗസിനെപ്പോലെ തനിക്ക്‌ താല്‍പര്യമുള്ള നേതാവ്‌ വേണമെന്നാണു ട്രംപിന്റെ ആഗ്രഹം.
ഡെല്‍സി റോഡ്രിഗസ്‌ വെനസ്വേലന്‍ പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുത്തശേഷം യു.എസ്‌. ഭരണകൂടവുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്‌.
ഖമനേയിയുടെ മകന്‍ മുജ്‌തബ തനിക്ക്‌ സ്വീകാര്യനല്ലെന്നു ട്രംപ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. 'ശത്രുവിന്റെ ദുരുദ്ദേശ്യങ്ങളുടെ ആഴം' ട്രംപിന്റെ വാക്കുകളിലുണ്ടെന്ന്‌ ഇറാന്‍ പ്രതികരിച്ചു. ' ഇറാന്‍ രാഷ്‌ട്രം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല. ഞങ്ങളുടെ ഭരണം നിര്‍ണയിക്കാനുള്ള അവകാശം ഒരിക്കലും ഉപേക്ഷിക്കില്ല'- അവര്‍ വ്യക്‌തമാക്കി.
ഇറാന്റെ സ്വന്തം പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ രഹസ്യസ്വഭാവമുള്ളതാണ്‌.
വിദഗ്‌ദ്ധരുടെ സമിതി(88 മുതിര്‍ന്ന മതപണ്ഡിതന്മാരുടെ കൂട്ടായ്‌മ) മുജ്‌തബയെ ഇതിനകം അംഗീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്‌. അവര്‍ കൂടിക്കാഴ്‌ച നടത്താന്‍ ഉദ്ദേശിച്ച ടെഹ്‌റാനിലെയും ഖോമിലെയും കെട്ടിടങ്ങള്‍ ഈ ആഴ്‌ച ബോംബിട്ടു, പക്ഷേ അവര്‍ വെര്‍ച്വലായി കൂടിക്കാഴ്‌ച നടത്തി എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
ആയത്തൊള്ള അലി ഖമനേയിയുടെ ജീവചരിത്രം എഴുതിയ ഖലാജി, ഖമനേയിയുടെ രണ്ടാമത്തെ മകനും രാഷ്‌ട്രീയ പിന്‍ഗാമിയുണായ മുജ്‌തബയെ തീവ്രവാദി എന്നാണു വിശേഷിപ്പിക്കുന്നത്‌. ഭരണകൂടത്തിന്റെ സുരക്ഷാ സംവിധാനത്തിലെ ഏറ്റവും തീവ്രവാദ വിഭാഗത്തെയാണ്‌ അദ്ദേഹം പ്രതിനിധീകരിക്കുന്നതത്രേ.
ആയത്തൊള്ള അലി ഖമനേയി ആയിരിക്കും ഇറാന്റെ അവസാനത്തെ പരമോന്നത നേതാവ്‌ എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‌. 1979ല്‍ ഇസ്ലാമിക റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും നിലനിര്‍ത്താനും സൃഷ്‌ടിക്കപ്പെട്ട ഐ.ആര്‍.ജി.സിയാണ്‌ ഇപ്പോള്‍ സുരക്ഷ മുതല്‍ സമ്പദ്‌വ്യവസ്‌ഥ വരെയുള്ള എല്ലാ അധികാരങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്‌.

Ads by Google
Saturday 07 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW