-->
ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധത്തില്‍ കുടുങ്ങി പാകിസ്‌താന്‍. ഇറാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തിയാണു പാകിസ്‌താനുള്ളത്. പാകിസ്‌താന്റെ മിത്രങ്ങളായ ആറ് ഗള്‍ഫ് രാജ്യങ്ങളാണ് ഇറാന്റെ ആക്രമണത്തിനു വിധേയമായത്. ഈ സാഹചര്യമാണു പാകിസ്‌താനു തിരിച്ചടിയാകുന്നത്. ലക്ഷക്കണക്കിനു പാകിസ്‌താനി തൊഴിലാളികള്‍ സൗദി അറേബ്യയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. അവരുടെ താല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍, ഇസ്ലാമാബാദ് സൗദിയുമായുള്ള ബന്ധം ശക്‌തിപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരം ആക്രമണം ഉണ്ടായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കുമെതിരേയുള്ള ആക്രമണമായി കണക്കാക്കുമെന്ന ഔദ്യോഗിക പ്രതിരോധ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇന്ത്യക്കു കുരുക്കു തീര്‍ക്കാനായിരുന്നു ആ ഉടമ്പടിക്ക് പാകിസ്‌താന്‍ ഇറങ്ങിയത്. യു.എസിനോട് സൗദിക്ക് ഇടക്കാലത്തുണ്ടായ അവിശ്വാസം പാകിസ്‌താന്‍ മുതലെടുക്കുകയായിരുന്നു.
പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് ആ ഉടമ്പടി വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇറാന്‍ ഡ്രോണുകളും ബാലിസ്‌റ്റിക് മിസൈലുകളും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് പതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാകിസ്‌താന്‍ എന്തു ചെയ്യുമെന്ന ചോദ്യം കൂടുതല്‍ ശക്‌തമാണ്. യു.എസ് - ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടപ്പോള്‍ പാകിസ്‌താന്‍ ആക്രമണങ്ങളെ 'അനാവശ്യമായത്' എന്നാണു വിശേഷിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ തിരിച്ചടി ആക്രമണങ്ങളെ 'പരമാധികാരത്തിന്റെ വ്യക്‌തമായ ലംഘനം' എന്നു പാകിസ്‌താനു വിശേഷിപ്പിക്കേണ്ടിവന്നു.
കഴിഞ്ഞ ആഴ്‌ച സംഘര്‍ഷം ആരംഭിച്ചപ്പോള്‍ റിയാദില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുത്ത ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, ഇറാനും സൗദിയും തമ്മില്‍ 'ആശയവിനിമയം' നടത്താന്‍ ശ്രമിച്ചതായി വിശദീകരിച്ചു. സൗദി അറേബ്യയോടുള്ള പാകിസ്‌താന്റെ പ്രതിരോധപരമായ കടമകളെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെ ഓര്‍മ്മിപ്പിച്ചതായി ദാര്‍ വെളിപ്പെടുത്തി.
ഈ മാസം ആറിന് ഇറാന്റെ മൂന്ന് ബാലിസ്‌റ്റിക് മിസൈലുകള്‍ തടഞ്ഞതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചതോടെ പാക് പ്രതിസന്ധി കൂടി. മണിക്കൂറുകള്‍ക്കകം, പാകിസ്‌താന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ റിയാദില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്‌ച നടത്തി. ഇറാന്‍ ആക്രമണങ്ങളെക്കുറിച്ചും പ്രതിരോധ ഉടമ്പടിയുടെ പരിധിയില്‍ അവയെ തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും ചര്‍ച്ച നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
യുദ്ധം ഒരാഴ്‌ച പിന്നിട്ടതോടെ പാകിസ്‌താനുമേലുള്ള സൗദി സമ്മര്‍ദം കൂടിയിട്ടുണ്ട്. 2025 സെപ്‌റ്റംബര്‍ 1 ന് റിയാദില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറുമാണു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലൊന്നുമേലുള്ള ഏതൊരു ആക്രമണവും മറ്റേതിനെതിരേയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് അതിന്റെ പ്രധാന വകുപ്പ്. ഇത് നാറ്റോയുടെ ആര്‍ട്ടിക്കിള്‍ 5ന് സമാനമായ കൂട്ടായ പ്രതിരോധ തത്വങ്ങളെ അടിസ്‌ഥാനമാക്കിയുള്ളതാണ്.
2025 സെപ്‌റ്റംബറില്‍ ഇസ്രായേല്‍ ദോഹയില്‍ ഹമാസ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഈ കരാര്‍ ഉണ്ടായത്. ഇത് ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങളില്‍ (ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ.) യു.എസ്. സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ചുള്ള ആത്മവിശ്വാസം കുറച്ചു. ആണവശേഷിയുള്ള പാകിസ്‌താന്‍ ദശകങ്ങളായി സൗദി അറേബ്യയുമായി സൈനിക ബന്ധം പുലര്‍ത്തുന്നുണ്ട്. ഏകദേശം 1,500 മുതല്‍ 2,000 വരെ പാക് സൈനികര്‍ സൗദിയിലുണ്ട്.
2023ല്‍ ചൈനയുടെ ഇടപെടലോടെയാണു സൗദി - ഇറാന്‍ ബന്ധം മെച്ചപ്പെട്ടത്. ആ ബന്ധം നീണ്ടുനില്‍ക്കുമെന്ന പാക് കണക്കുകൂട്ടലാണു തെറ്റിയത്. ഇപ്പോള്‍ പാകിസ്‌താന്‍ കടമകള്‍ നിറവേറ്റിയില്ലെങ്കില്‍ സൗദി ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്.
2015ല്‍, യെമനിലെ സൈനിക നീക്കത്തില്‍ ചേരാനുള്ള സൗദി അറേബ്യയുടെ നേരിട്ടുള്ള ആവശ്യം പാകിസ്‌താന്‍ നിരസിച്ചിരുന്നു.
പാകിസ്‌താന്‍ നേരിടുന്ന പ്രതിസന്ധി സങ്കീര്‍ണമാണ്. സൗദി സൈനിക സഹായം ആവശ്യപ്പെട്ടാല്‍ ഇറാനെ വെറും ശത്രുവായി കണക്കാക്കാന്‍ പാകിസ്‌താനു കഴിയില്ല. രണ്ട് രാജ്യങ്ങള്‍ക്കും നീണ്ടതും സുരക്ഷിതമല്ലാത്തതുമായ അതിര്‍ത്തിയുണ്ട്. കാര്യമായ വ്യാപാര ബന്ധങ്ങള്‍ അതിലൂടെയുണ്ട്. അടുത്തിടെ നയതന്ത്ര ബന്ധം മെച്ചപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷകിയന്‍ 2025 ഓഗസ്‌റ്റില്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചു, ഇരു സര്‍ക്കാരുകളും ഔദ്യോഗികവും അല്ലാതെയുമായി നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഖമനേയിയുടെ കൊലപാതകത്തെ തുടര്‍ന്ന് പാകിസ്‌താനിലുടനീളം നടന്ന പ്രതിഷേധങ്ങളില്‍ 23ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗില്‍ജിത്-ബാല്‍ട്ടിസ്‌ഥാനില്‍ സൈന്യത്തെ വിന്യസിക്കുകയും മൂന്ന് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്‌തു. പാകിസ്‌താന്‍ ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെ വരുന്ന ഷിയാ വിഭാഗമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി)യുടെ പരിശീലനം, ധനസഹായം എന്നിവ ലഭിച്ചിട്ടുള്ള ഷിയാ വിഭാഗക്കാരുടെ സൈനബിയോണ്‍ ബ്രിഗേഡ് പാക് സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെയാണ് ഈ അടുത്തകാലംവരെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദശകത്തില്‍ അവര്‍ പാകിസ്‌താനില്‍നിന്ന് ആയിരക്കണക്കിന് പോരാളികളെ റിക്രൂട്ട് ചെയ്‌തിട്ടുണ്ട്. പലരും സിറിയയില്‍ ഐ.എസിനെതിരേ പോരാടിയിട്ടുമുണ്ട്. അവര്‍ പാകിസ്‌താനെതിരേ തിരിഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകും.
2024ല്‍ പാകിസ്‌താന്‍ ഔദ്യോഗികമായി ഈ ഗ്രൂപ്പിനെ നിരോധിച്ചു. എങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.
പാകിസ്‌താന്റെ ബലൂചിസ്‌ഥാന്‍ പ്രവിശ്യ ഇറാനുമായി അതിര്‍ത്തി പങ്കിടുന്നു. സ്വതന്ത്ര ബലൂചിസ്‌ഥാന എന്ന ആശയം ശക്‌തിപ്പെടുന്ന സാഹചര്യത്തില്‍ ഇറാനെ പിണക്കിയാല്‍ പാകിസ്‌താനു തിരിച്ചടിയാകും. ഇറാനെതിരേ നേരിട്ടുള്ള സൈനിക നടപടികള്‍ പാകിസ്‌താനു തിരിച്ചടിയാകും.
അവരുടെ ഇപ്പോഴത്തെ ശ്രമം ഇരുവശങ്ങളെയും പ്രീതിപ്പെടുത്തി തലയൂരുകയാണ്. ഇറാന്റെ പ്രധാന ഭീഷണി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങളാണ്. ആ മേഖലയില്‍ പാകിസ്‌താന് സൗദി അറേബ്യയെ സഹായിക്കാനും സാധിക്കും. പക്ഷേ, ഇറാനെ പിണക്കാന്‍ കഴിയില്ല.
സൗദി അറേബ്യക്ക് രഹസ്യ സഹായം നല്‍കുകയും ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയുമാണ് പാകിസ്‌താന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും സാധ്യമായ മാര്‍ഗമെന്നാണു നയതന്ത്ര വിദഗ്‌ധരുടെ നിലപാട്. സൗദിയെ പിണക്കിയാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്‌താന്റെ നില പരുങ്ങലിലാകും.