Tuesday, March 10, 2026 Last Updated 52 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.36 PM

ട്രംപിന്റെ യുദ്ധത്തോട്‌ മുഖം തിരിച്ച്‌ യു.എസ്‌. ജനത

വാഷിങ്‌ടണ്‍: ഇസ്രയേലുമായി ചേര്‍ന്ന്‌ ഇറാനെതിരേ ആരംഭിച്ച യുദ്ധം ഒരാഴ്‌ച പിന്നിടുമ്പോള്‍, യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നേരിടുന്നതു വന്‍വെല്ലുവിളികള്‍. ആഗോള സാമ്പത്തികമേഖലയെ മാത്രമല്ല, യു.എസ്‌. ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതകളെത്തന്നെ അസ്‌ഥിരപ്പെടുത്തുകയാണ്‌ ഇറാന്‍ യുദ്ധത്തിലൂടെ ട്രംപ്‌ ചെയ്യുന്നതെന്നു വിദഗ്‌ധര്‍ വിലയിരുത്തുന്നു.
രാജ്യാന്തരസംഘര്‍ഷങ്ങളില്‍ യു.എസ്‌. സൈനികമായി ഇടപെടുന്ന 'മണ്ടത്തരം' അവസാനിപ്പിക്കുമെന്ന വാഗ്‌ദാനവുമായാണ്‌ ട്രംപ്‌ പ്രസിഡന്റ്‌ പദവിയിലെത്തിയത്‌. എന്നാല്‍, അമേരിക്കയ്‌ക്ക്‌ നേരിട്ട്‌ ഭീഷണിയൊന്നുമില്ലാതിരുന്നിട്ടും ഇസ്രയേലിനൊപ്പം കൂടി ഇറാനെതിരേ തിരിഞ്ഞ നടപടി ട്രംപിന്റെ പ്രവചനാതീതമായ സ്വഭാവത്തിനു മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2003-ലെ ഇറാഖ്‌ അധിനിവേശത്തിനുശേഷം അമേരിക്കയുടെ ഏറ്റവും വലിയ സൈനികനടപടിയാണ്‌ 'ഓപ്പറേഷന്‍ എപിക്‌ ഫ്യൂറി' എന്ന പേരില്‍ ഇറാനെതിരേ നടക്കുന്നത്‌. ഇസ്രയേലിനൊപ്പം എടുത്തുചാടിയെങ്കിലും, യുദ്ധം എങ്ങനെയും അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ട്രംപ്‌ എന്നാണു റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ രീതിയനുസരിച്ച്‌ സമ്പൂര്‍ണവിജയം അവകാശപ്പെട്ടുകൊണ്ടുള്ള ഒരു പിന്മാറ്റസാധ്യതയാണ്‌ അദ്ദേഹത്തിന്റെ വിശ്വസ്‌തര്‍ തേടുന്നത്‌.
ഇറാനെതിരായ യുദ്ധത്തില്‍ ട്രംപിന്റെ ലക്ഷ്യങ്ങള്‍ സുവ്യക്‌തമാണെന്നു വൈറ്റ്‌ ഹൗസ്‌ വക്‌താവ്‌ അന്നാ കെല്ലി അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്‌റ്റിക്‌ മിസൈല്‍ ശേഖരവും അവ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയും നശിപ്പിക്കുക, നാവികശേഷി ഇല്ലാതാക്കുക, നിഴല്‍സംഘടനകള്‍ക്ക്‌ ആയുധം നല്‍കുന്നത്‌ അവസാനിപ്പിക്കുക ആണവായുധശേഷി കൈവരിക്കുന്നത്‌ തടയുക എന്നിവയാണ്‌ ആ ലക്ഷ്യങ്ങള്‍.
ഇറാനെതിരായ യുദ്ധം നീണ്ടുനിന്നാല്‍ യു.എസ്‌. സൈന്യത്തിന്റെ ആള്‍നാശവും ആഗോള എണ്ണനീക്കം തടസപ്പെട്ടതു മൂലമുള്ള രാജ്യാന്തരപ്രതിസന്ധിയും ഇരട്ടിയാകുമെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിനെതിരേ ജനരോഷം ശക്‌തമായാല്‍ നവംബറിലെ യു.എസ്‌. കോണ്‍ഗ്രസ്‌ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍തിരിച്ചടിയും നേരിടേണ്ടിവരും. ട്രംപിന്റെ 'മേക്ക്‌ അമേരിക്ക ഗ്രേറ്റ്‌ എഗെയ്‌ന്‍' (മാഗാ) നയത്തെ പിന്തുണയ്‌ക്കുന്നവരാണു നിലവില്‍ ഇറാന്‍ യുദ്ധത്തെ ന്യായീകരിക്കുന്നത്‌. ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന അഭിപ്രായ സര്‍വേകളില്‍ യുദ്ധത്തിനെതിരായ നിലപാടിനാണു മുന്‍തൂക്കമെന്നത്‌ ട്രംപിനെ അസ്വസ്‌ഥനാക്കുന്നു. ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലും പറ്റിയ അബദ്ധം ആവര്‍ത്തിക്കപ്പെടാന്‍ അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നു റിപ്പബ്ലിക്കന്‍ നയതന്ത്രജ്‌ഞന്‍ ബ്രയാന്‍ ഡാര്‍ലിങ്‌ ചൂണ്ടിക്കാട്ടി. മാഗാ നയത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കിടയിലും ഇക്കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്‌.
ഇറാന്‍ യുദ്ധത്തെ സംബന്ധിച്ച്‌ ട്രംപ്‌ ഗോള്‍ പോസ്‌റ്റ്‌ മാറ്റിക്കളിക്കുന്നത്‌ അനുയായികള്‍ക്കിടയില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പമുണ്ടാക്കുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാനിലെ ഭരണമാറ്റം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച ട്രംപ്‌, രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതേപ്പറ്റി പരാമര്‍ശിക്കാതായി. ഇറാന്റെ പുതിയ പരമോന്നതനേതാവിനെ താന്‍ തീരുമാനിക്കുമെന്നായി പിന്നീട്‌ ട്രംപിന്റെ അവകാശവാദം. ഇറാനിലെ കുര്‍ദിഷ്‌ വിമതരെ സായുധകലാപത്തിനു പ്രേരിപ്പിച്ച ട്രംപ്‌, ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന ആവശ്യവും സാമൂഹികമാധ്യമത്തിലൂടെ മുന്നോട്ടുവച്ചു.
എതിരാളികള്‍ക്കെതിരേ നിഴല്‍സംഘടനകളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ ഇറാന്‍ ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. താരതമ്യേന ദുര്‍ബലമായെങ്കിലും ഹിസ്‌ബുള്ള വീണ്ടും ഇറാനെ പിന്തുണച്ച്‌ സംഘര്‍ഷത്തില്‍ പങ്കാളിയായതോടെ ലെബനന്‍ എന്ന രാജ്യത്തിനെതിരേകൂടി സൈനികശേഷി വിനിയോഗിക്കേണ്ട അവസ്‌ഥയിലാണ്‌ ഇസ്രയേലും യു.എസും. ഇറാന്‍ യുദ്ധത്തില്‍ നിലവില്‍ ആറ്‌ സൈനികരെയാണ്‌ യു.എസിനു നഷ്‌ടപ്പെട്ടത്‌. യുദ്ധത്തില്‍ യു.എസ്‌. കരസേന രംഗത്തിറങ്ങില്ലെന്നു ട്രംപ്‌ വ്യക്‌തമാക്കിയെങ്കിലും, 'കുറച്ചുപേര്‍ കൂടി മരിച്ചേക്കും' എന്ന്‌ ടൈം മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതു വിവാദമായി. കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലയുടെ പ്രസിഡന്റിനെ ബന്ദിയാക്കിപ്പിടിച്ച്‌ അവിടെ പാവസര്‍ക്കാരിനെ അവരോധിച്ചതില്‍നിന്നു വ്യത്യസ്‌തമായിരിക്കും ഇറാനില്‍ അമേരിക്കയുടെ അനുഭവമെന്നു രാജ്യാന്തരനിരീക്ഷകര്‍ വിലയിരുത്തുന്നു. ഇറാന്റെ പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയിയെത്തന്നെ യുദ്ധാരംഭത്തില്‍ വധിക്കാനായെങ്കിലും അത്‌ അവരുടെ പ്രഹരശേഷിയെ തെല്ലും ബാധിച്ചില്ലെന്നു തുടര്‍ന്നുള്ള ആക്രമണങ്ങള്‍ തെളിയിച്ചു.

Ads by Google
Saturday 07 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW