-->
ദോഹ/റിയാദ്: അമേരിക്ക-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലുടനീളം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്‌ച പുലര്‍ച്ചെയും വെള്ളിയാഴ്‌ചയും ഇറാന്‍ ശക്‌തമായ ആക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിഭാഗം ആക്രമണങ്ങളെയും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. ശനിയാഴ്‌ച ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈല്‍ ആക്രമണത്തെ സായുധസേന വിജയകരമായി പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്‌ച ഇറാന്റെ ഭാഗത്തുനിന്ന് ഖത്തറിലേക്ക് പത്ത് ഡ്രോണുകള്‍ അയച്ചതായും ഇതില്‍ ഒമ്പതെണ്ണം തകര്‍ത്തതായും അധികൃതര്‍ വ്യക്‌തമാക്കി. ഒന്ന് വിജനമായ സ്‌ഥലത്ത് പതിച്ചു. സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യോമപാതയില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പാതകളിലൂടെ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്.
സൗദിയിലെ അല്‍ഖര്‍ജിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമിട്ടെത്തിയ രണ്ടു ബാലിസ്‌റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധ മന്ത്രാലയം തകര്‍ത്തു. ഷെയ്‌ബ എണ്ണപ്പാടത്തിനു നേരെ വന്ന ആറു ഡ്രോണുകളും റിയാദിനു കിഴക്കായി മറ്റൊരു ഡ്രോണും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.
യു.എ.ഇയിലും സമാനമായ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകള്‍ തകര്‍ക്കുന്നതിനിടെയുണ്ടായ അവശിഷ്‌ടങ്ങള്‍ വീണ് ദുബായില്‍ ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയും പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്‌തു. ബഹ്‌റൈനില്‍ മണിക്കൂറുകള്‍ക്കിടയില്‍ രണ്ടുതവണ അപായ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ജോര്‍ദാനിലെ അഖബയ്‌ക്കു മുകളിലും മിസൈല്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ തിരിച്ചടി തുടരുന്നത് ആഗോള വിപണിയെയും വിമാനയാത്രയെയും എണ്ണ വിതരണത്തെയും ദോഷകരമായി ബാധിക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. നിലവില്‍ ഗള്‍ഫ് മേഖലയിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നതിനു മുന്‍പ് സര്‍വീസുകളെക്കുറിച്ചു കൃത്യമായ വിവരം തേടണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.