-->
ദോഹ: ഒരാഴ്‌ചയായി ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്കു നേരേ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇറാനെ 'പശ്‌ചിമേഷ്യയുടെ പരാജിതന്‍' എന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ 'ശക്‌തമായ തിരിച്ചടി' നേരിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ പശ്‌ചിമേഷ്യയെ ഭരിക്കാന്‍ നോക്കുന്നു. ഇനി അവര്‍ മിഡില്‍ ഈസ്‌റ്റിനു ഭീഷണിയാവില്ല. അവര്‍ മിഡില്‍ ഈസ്‌റ്റിന്റെ പരാജിതര്‍ ആണ്. കീഴടങ്ങുന്നതുവരെ അല്ലെങ്കില്‍ പൂര്‍ണമായും തകരുന്നതുവരെ പതിറ്റാണ്ടുകളോളം അവര്‍ അങ്ങനെ തന്നെ തുടരും'- ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.നിരുപാധിക കീഴടങ്ങല്‍ എന്ന ട്രംപിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് തള്ളിയിരുന്നു. അത് വെറുമൊരു സ്വപ്‌നമാണെന്നും ഇറാന്‍ വിശേഷിപ്പിച്ചു. ഇറാന്‍ വഴങ്ങിയാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കീഴടങ്ങലിനു പിന്നാലെ അമേരിക്കയും സഖ്യകക്ഷികളും ഇറാനെ നാശത്തിന്റെ വക്കില്‍നിന്ന് തിരികെ കൊണ്ടുവരും. അത് സാമ്പത്തികമായി ഇറാനെ ശക്‌തമാക്കുമെന്നും ട്രംപ് പറഞ്ഞു.
അയല്‍രാജ്യങ്ങളുടെ മണ്ണില്‍നിന്ന് ഇറാനുനേരേ ആക്രമണം ഉണ്ടാകാത്തിടത്തോളം ആ രാജ്യങ്ങളെ ഇനി ലക്ഷ്യം വയ്‌ക്കില്ലെന്നാണു ഇറാന്‍ പ്രസിഡന്റ് വ്യക്‌തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങളിലും നാശനഷ്‌ടങ്ങളിലും അദ്ദേഹം ഔദ്യോഗികമായ ക്ഷമാപണവും നടത്തി.
അയല്‍രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ളതാണ് ആക്രമണത്തിനു േ്രപരിപ്പിച്ചതെന്നായിരുന്നു ഇറാന്റെ മുന്‍ നിലപാട്. അതേസമയം യുദ്ധം തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്‌ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് അല്‍ കാബി മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന്റെ ആദ്യ വാരത്തില്‍ ഏകദേശം 1,200 ഇറാനികള്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. കുവൈത്തിലെ അമേരിക്കന്‍ കമാന്‍ഡ് സെന്ററിനു നേരേയുണ്ടായ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങള്‍ക്കു പുറമെ ഇറാഖ്, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ട്.
ഇറാന്റെ പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കു മടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ഷഫീക്ക് അറയ്‌ക്കല്‍