-->
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ പൊട്ടിത്തെറിച്ചു രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. വടക്കന്‍ ബംഗാള്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയോ കാബിനറ്റ് മന്ത്രിമാരോ തന്നെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നില്ലെന്ന് അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തന്നെ നീരസമുണ്ടോ എന്നും രാഷ്‌ട്രപതി ആരാഞ്ഞു. രാഷ്‌ട്രപതി രാഷ്‌ട്രീയം കളിക്കരുതെന്നായിരുന്നു മമതയുടെ മറുപടി. പ്രശ്‌നത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. നേതാക്കളും രംഗത്തെത്തി.
രാഷ്‌ട്രപതി മുഖ്യാതിഥിയായ ഗോത്രവര്‍ഗ സമൂഹത്തിനായുള്ള രാജ്യാന്തര സന്താള്‍ സമ്മേളനത്തിന്റെ വേദി ബിധാനനഗറില്‍നിന്ന് ഘോഷിപൂരിലേക്ക് മാറ്റിയതാണു വിവാദത്തിനു കാരണമായത്. 'സംസ്‌ഥാന സര്‍ക്കാര്‍ എന്തിനാണ് അവിടെ യോഗം കൂടാന്‍ അനുവദിക്കാത്തതെന്ന് എനിക്കറിയില്ല. ധാരാളം സ്‌ഥലം അവിടെയുണ്ട്. ഞാനും ബംഗാളിന്റെ മകളാണ്. മമത ബാനര്‍ജി എന്റെ ഇളയ സഹോദരിയെപ്പോലെയാണ്. ഒരുപക്ഷേ അവര്‍ക്ക് എന്നോട് നീരസമുണ്ടായിരിക്കാം, അതുകൊണ്ടാകാം പരിപാടി അവിടെ (ഘോഷിപൂരില്‍) നടന്നത്. പക്ഷേ അതൊന്നും പ്രശ്‌നമല്ല. എല്ലാവര്‍ക്കും നല്ലതുവരട്ടേ'- രാഷ്‌ട്രപതി പറഞ്ഞു.പരിപാടിയില്‍ സംസാരിക്കവേ, രാഷ്‌ട്രപതി ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 'ഈ പ്രദേശത്തെ സന്താള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് വികസനം എത്തുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. കേന്ദ്രത്തില്‍നിന്നുള്ള വികസനവും സൗകര്യങ്ങളും നിങ്ങളിലേക്ക് എത്തുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല.... ചില ആളുകള്‍ ഞാന്‍ ഈ പരിപാടിയിലേക്ക വരുന്നത് തടയാന്‍ ശ്രമിച്ചു ... ഒരുപക്ഷേ ചിലര്‍ക്ക് സന്താള്‍ സമൂഹം ഒന്നിക്കാനും, പുരോഗമിക്കാനും, വിദ്യാഭ്യാസം നേടാനും ശക്‌തി പ്രാപിക്കാനും താല്‌പര്യമില്ലായിരിക്കാം'- അവര്‍ പറഞ്ഞു.
രാഷ്‌ട്രപതിയുടെ പരാമര്‍ശങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മമതയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണങ്ങള്‍ തൊടുത്തു. സന്താള്‍ സംസ്‌കാരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നിസാരമായി കാണുകയാണെന്നും, രാഷ്‌ട്രപതിയെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദവിക്ക് നിരക്കാത്ത പ്രസ്‌താവനകള്‍ രാഷ്‌ട്രപതി ഒഴിവാക്കണമെന്നു മമതാ ബാനര്‍ജി പ്രതികരിച്ചു. രാഷ്‌ട്രപതി ഒരു സമുദായത്തെക്കുറിച്ച് സംസാരിച്ചു. ബംഗാളിലെ മറ്റ് സമുദായങ്ങളെക്കുറിച്ച് സംസാരിച്ചില്ല. അതു രാഷ്‌ട്രീയ കളിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ഉപദേശത്തില്‍ രാഷ്‌ട്രീയം കളിക്കരുത്. ഇവിടെ വോട്ടര്‍ പട്ടികയില്‍നിന്ന് എത്ര ഗോത്രവര്‍ഗക്കാരെ ഒഴിവാക്കിയെന്ന് രാഷ്‌ട്രപതിക്ക് അറിയാമോ?'- അവര്‍ ആരാഞ്ഞു.