Wednesday, March 11, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

ഊര്‍ജസുരക്ഷയില്‍ വിദേശകാര്യ മന്ത്രി ദേശീയ താല്‍പ്പര്യം പരമപ്രധാനം

ന്യൂഡല്‍ഹി: പശ്‌ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്‌ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌. ജയ്‌ശങ്കര്‍. നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ എപ്പോഴും പരമപ്രധാനമായിരിക്കുമെന്നും രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു. അതേസമയം വര്‍ധിച്ചുവരുന്ന സംഘര്‍ഷം വിതരണശൃംഖലയിലെ തടസത്തിനും അസ്‌ഥിരതയ്‌ക്കും വിശാലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും ഇടനല്‍കുമെന്ന മുന്നറിയിപ്പും വിദേശകാര്യമന്ത്രി നല്‍കി.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു കോടി ഇന്ത്യക്കാരുണ്ട്‌. പഠനത്തിനോ തൊഴിലിനോ വേണ്ടി ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ ഇറാനിലും കഴിയുന്നു. തുടര്‍ച്ചയായ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ച്‌ ആശങ്കാജനകമാണ്‌. നമ്മുടെ ഊര്‍ജസുരക്ഷാ കാര്യത്തിലും ഈ മേഖല പ്രധാനമാണ്‌. എണ്ണ, വാതകം എന്നിവയൂടെ നിരവധി പ്രധാന വിതരണക്കാര്‍ യുദ്ധം നടക്കുന്ന മേഖലയിലുണ്ട്‌. സംഘര്‍ഷത്തിന്റെ ആഘാതം മേഖലയ്‌ക്കു പുറത്തേക്കു വ്യാപിക്കും. തുടര്‍ന്നുണ്ടാകുന്ന വിതരണ തടസങ്ങളും അസ്‌ഥിരതയും ഗുരുതരമായ പ്രശ്‌നങ്ങളാണെന്ന്‌ ബജറ്റ്‌ സമ്മേളനത്തിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജയ്‌ശങ്കര്‍ പറഞ്ഞു,
സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും മേഖലയിലെ സുരക്ഷ വഷളാകുകയും ചെയ്‌തിട്ടുണ്ട്‌. വന്‍ നാശനഷ്‌ടങ്ങളോടെ മറ്റു രാജ്യങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചിരിക്കുന്നു. സാധാരണ ജനജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അത്‌ പ്രകടമായിത്തന്നെ ബാധിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ആശങ്കയ്‌ക്ക്‌ ഇത്‌ അടിവരയിടുന്നു. പ്രതിസന്ധിയുടെ ഗൗരവം എടുത്തുകാട്ടി ഫെബ്രുവരി 28 നു തന്നെ ഇന്ത്യ യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക ഔദ്യോഗികമായി അറിയിച്ചിരുന്നതായും വിദേശകാര്യമന്ത്രി വ്യക്‌തമാക്കി.
ഊര്‍ജ വിതരണത്തെയും പ്രവാസികളുടെ ക്ഷേമത്തെയും കുറിച്ച്‌ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.
പശ്‌ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ചര്‍ച്ചകളും നയതന്ത്രവുമാണ്‌ ഏകപോംവഴി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സംഭവവികാസങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്‌. സാഹചര്യം വഷളാകുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഉചിതമായ നടപടി സ്വീകരിക്കാന്‍ എല്ലാ മന്ത്രിമാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും ജയ്‌ശങ്കര്‍ പറഞ്ഞു.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW