-->
ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഐ.ആര്‍.ഐ.എസ് ലവന്‍ എന്ന നാവിക കപ്പലിനു സുരക്ഷിത ഇടം നല്‍കിയതിന് ഇന്ത്യയോടു നന്ദി അറിയിച്ച് ഇറാന്‍. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിനിടെ മറ്റൊരു ഇറാന്‍ കപ്പലായ ഐ.ആര്‍.ഐ.എസ്. ദേനയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് യു.എസ്. സൈന്യം മുക്കിയിരുന്നു. അതിനുശേഷമാണ് സാങ്കേതിക, ലോജിസ്‌റ്റിക് ക്രമീകരണങ്ങള്‍ക്കായി ഐ.ആര്‍.ഐ.എസ് ലവന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. ദേനയ്‌ക്കുമുമ്പ്, 183 ജീവനക്കാരുമായി മറ്റൊരു ഇറാന്‍ കപ്പലിനെ ഇന്ത്യ കൊച്ചിയില്‍ ഡോക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നു.
ശ്രീലങ്കയ്‌ക്കടുത്തുവച്ച് ബുധനാഴ്‌ച പുലര്‍ച്ചെയാണ് യു.എസ്. നാവികസേനയുടെ അന്തര്‍വാഹിനി ഇറാന്റെ ദേനയ്‌ക്കുനേരേ വെടിയുതിര്‍ത്തത്. തുടര്‍ന്ന് കപ്പല്‍ മുക്കുകയായിരുന്നു. സംഭവത്തില്‍ 87 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി.
ദേനയുമായി ബന്ധപ്പെട്ട ദാരുണ സംഭവത്തെത്തുടര്‍ന്ന് ക്രൂവിന്റെ സ്‌ഥിതിഗതികള്‍ പിന്തുടരാനും സംഭവത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനും ഇറാന്‍ ശ്രമം തുടരുകയാമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി പറഞ്ഞു. ഐ.ആര്‍.ഐ.എസ് ലവന്റെ ഡോക്കിങ് സുഗമമാക്കിയതിനും അതിലെ ജീവനക്കാരെ പിന്തുണച്ചതിലും ഇന്ത്യന്‍ സര്‍ക്കാരിനും പ്രാദേശിക അധികാരികള്‍ക്കും ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ അധികാരികള്‍ നല്‍കുന്ന സഹായം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 നും 25 നും ഇടയില്‍ വിശാഖപട്ടണത്തു നടന്ന ബഹുരാഷ്‌ട്ര നാവിക അഭ്യാസമായ മിലാന്‍ 2026 ല്‍ ഇറാനിയന്‍ നാവികവിന്യാസത്തിന്റെ ഭാഗമായി ഐ.ആര്‍.ഐ.എസ് ലവന്‍ പങ്കെടുത്തിരുന്നു.