-->
രാജ്യം ഏതാനും ദിവസങ്ങളായി ഹോളി ആഘോഷത്തിന്റെ തിരക്കിലാണ്. ഇതിനിടയിലിതാ നാഗ്പൂരിലെ കൊരാടി പ്രവിശ്യയില്‍ നിന്ന് പുറത്തുവന്ന ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മനുഷ്യ മനസ്സാക്ഷിയെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന്‍ തന്റെ കയ്യിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് അല്പം നിറം തളിച്ചതിന് വല്യമ്മ കാണിച്ച ക്രൂരതയാണ് കാണികളെ ഞെട്ടിച്ചത്. നിറം തളിച്ചതില്‍ പ്രകോപിതയായ വയോധിക കുട്ടിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. വൈറലാകുന്ന ദൃശ്യങ്ങളില്‍ വയോധിക ഒരു ബക്കറ്റ് വെള്ളവുമായി നടന്നുവരികയാണ്. ഈ സമയം കുട്ടി കൈയ്യിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് കളര്‍വെള്ളം വയോധികയുടെമേല്‍ ചീറ്റുന്നു. ഇതോടെ ഇവര്‍ ബക്കറ്റിലിരുന്ന വെള്ളം കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്നു. തറയില്‍ വീണ വെള്ളത്തില്‍ നിന്ന് ആവി ഉയരുന്നത് വ്യക്തമായി കാണാം. പൊള്ളലേറ്റ കുട്ടി വേദന കൊണ്ട് അലറിക്കരയുന്നതും സഹായത്തിനായി ഓടുന്നതും കണ്ട് ഓടിയെത്തിയ മറ്റ് കുട്ടികളും ഒരു യുവതിയും ചേര്‍ന്ന് തണുത്ത വെള്ളമൊഴിച്ചാണ് ആ പിഞ്ചുശരീരത്തെ അല്പമെങ്കിലും ശാന്തമാക്കാന്‍ ശ്രമിക്കുന്നു.
ഈ സംഭവം കേവലം ഒരു അപകടമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന സഹിഷ്ണുതക്കേടിന്റെയും ക്രൂരതയുടെയും ആഴം വ്യക്തമാക്കുന്ന ഒന്നാണ്. സ്‌നേഹവും സുരക്ഷയും നല്‍കേണ്ട മുതിര്‍ന്നവര്‍ തന്നെ കുഞ്ഞുങ്ങളോട് ഇത്രയും പൈശാചികമായി പെരുമാറുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഈ ക്രൂരതയ്‌ക്കെതിരെ കടുത്ത നിയമനടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.