Tuesday, March 10, 2026 Last Updated 56 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.40 AM

ഇറാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ ലക്ഷ്യംവച്ച്‌ 50 യുദ്ധവിമാനങ്ങള്‍

uploads/news/2026/03/828881/1.jpg

ബെയ്‌റൂട്ട്‌: ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം കടുപ്പിച്ചതോടെ ലബനനില്‍ കൂട്ടപ്പലായനം. തലസ്‌ഥാനമായ ബെയ്‌റൂട്ടിലുള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണു റിപ്പോര്‍ട്ട്‌. ഇതോടെ സംഘര്‍ഷബാധിത മേഖലകളില്‍നിന്ന്‌ ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക്‌ സായുധസംഘടനയായ ഹിസ്‌ബുള്ള നിര്‍ദേശം നല്‍കി.
ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ്‌ ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട്‌ ലബനനിലും ഇസ്രയേല്‍ നടപടി ശക്‌തമാക്കിയത്‌. 24 മണിക്കൂറില്‍ ലെബനിലെ 80 ഹിസ്‌ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്‌തമാക്കി. തെക്കന്‍ ലബനനിലെ ഹിസ്‌ബുള്ള ശക്‌തികേന്ദ്രമായ ബെക്കാ താഴ്‌വരയിലെ ജനങ്ങളോട്‌ വടക്കന്‍ മേഖലയിലേക്കു മാറാനും ഇസ്രയേല്‍ പ്രതിരോധ സേന നിര്‍ദേശം നല്‍കി.
ബെയ്‌റൂട്ടിലെ ജനവാസ-വാണിജ്യമേഖലയായ ദഹിയയിലും ഇസ്രയേല്‍ വ്യോമസേന കഴിഞ്ഞദിവസം ശക്‌തമായ വ്യോമാക്രമണം നടത്തി. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. ഈ മേഖലയില്‍ താമസിച്ചിരുന്ന ആയിരക്കണക്കിനാളുകളെ തലസ്‌ഥാനനഗരത്തിന്റെ മറ്റു മേഖലകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. റമദാന്‍ നോമ്പ്‌ തുറക്കുന്നതിനായി ഭക്ഷണം തയാറാക്കുന്നതിനിടെയാണ്‌ ആക്രമണമുണ്ടായതെന്നും കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത്‌ രക്ഷപ്പെടുകയുമായിരുന്നെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 123 പേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്‌. ടെ്‌ഹറാനില്‍ കഴിഞ്ഞ രാത്രിയും കനത്ത വ്യോമാക്രമണമുണ്ടായി. നഗരത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളില്‍ ഒരു ഡസനിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി നാട്ടുകാരെ ഉദ്ധരിച്ച ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ കൊട്ടാരവളപ്പിലെ ഭൂഗര്‍ഭ ബങ്കറുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രസിഡന്റിന്റെ കൊട്ടാരത്തിനും ദേശീയ സുരക്ഷാ കൗണ്‍സിലിനും സമീപമുള്ള ഒരു പ്രദേശമാണിത്‌. ആളപായമുണ്ടായതായി വിവരമില്ല. 50 യുദ്ധവിമാനങ്ങളാണ്‌ ഈ നിര്‍ണായക ഓപ്പറേഷനില്‍ പങ്കെടുത്തതെന്ന്‌ ഇസ്രയേല്‍ വ്യോമസേന വ്യക്‌തമാക്കി. എന്നാല്‍, ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ, ടെല്‍ അവീവിന്‌ നേരേ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. റിയാദിലെ പ്രിന്‍സ്‌ സുല്‍ത്താന്‍ എയര്‍ബേസിനുനേര്‍ക്കുണ്ടായ ഇറാന്‍ ആക്രമണം പ്രതിരോധിച്ചതായി സൗദി അറേബ്യ വ്യക്‌തമാക്കി.
എയര്‍ബേസ്‌ ലക്ഷ്യമാക്കി വിക്ഷേപിച്ച മൂന്നു ബാലിസ്‌റ്റിക്‌ മിസൈലുകള്‍ നശിപ്പിച്ചതായി സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഖത്തര്‍ നാവികസേനാംഗങ്ങളെ ലക്ഷ്യമിട്ട്‌ ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തി. ഖത്തര്‍ നാവികര്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന്‌ ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഖത്തറില്‍ മാത്രമല്ല, അസര്‍ബൈജാനിലെ യു.എസ്‌. സൈനികതാവളം ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണം നടത്തിയെന്നാണ്‌ വാര്‍ത്തകള്‍. ഈ ആക്രമണങ്ങളെക്കുറിച്ച്‌ ഇറാന്‍ പ്രതികരിച്ചിട്ടില്ല.

Ads by Google
Saturday 07 Mar 2026 10.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW