-->
വാഷിങ്‌ടണ്‍: പശ്‌ചിമേഷ്യന്‍ യുദ്ധത്തേത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ച സാഹചര്യത്തില്‍, റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്‌ക്ക് യു.എസ്. അനുമതി! ആഗോളവിപണിയിലേക്ക് എണ്ണനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി 30 ദിവസത്തേക്കാണ് ഇളവ് നല്‍കുന്നതെന്ന് യു.എസ്. ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്ത് വ്യക്‌തമാക്കി.
ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനേത്തുടര്‍ന്ന് ദശലക്ഷക്കണക്കിനു ബാരല്‍ എണ്ണയും വാതകവും കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് അനുകൂലമായ നിലപാടെടുത്ത ചൈനയുടെ കപ്പലുകള്‍ക്കു മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.
യുൈക്രന്‍ യുദ്ധത്തിനു പരോക്ഷ സാമ്പത്തികസഹായമാകുമെന്ന് ആരോപിച്ചാണ് റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യു.എസ്. എതിര്‍ക്കുന്നത്. എന്നാല്‍, നിലവില്‍ ഇന്ത്യയ്‌ക്കു നല്‍കിയിരിക്കുന്ന ഇളവ് കടലില്‍ കുടുങ്ങിയ എണ്ണശേഖരം നീക്കാനാണെന്നും അത് റഷ്യയ്‌ക്കു കാര്യമായ സാമ്പത്തികനേട്ടമുണ്ടാക്കില്ലെന്നും സ്‌കോട്ട് ബെസന്ത് അവകാശപ്പെട്ടു. ഇപ്പോഴത്തെ ഇളവ് ആഗോള ഊര്‍ജമേഖലയെ ബന്ദിയാക്കിയ ഇറാന്റെ നടപടിയുടെ ആഘാതം കുറയ്‌ക്കാനാണെന്നും അദ്ദേഹം 'എക്‌സി'ല്‍ കുറിച്ചു.
വിലക്ക് താത്‌കാലികമായി യു.എസ്. പിന്‍വലിച്ചതോടെ കടലില്‍ കുടുങ്ങിക്കിടക്കുന്ന 145 ദശലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യയിലേക്ക് തിരിച്ചുവിടാന്‍ കഴിയുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.