-->
കൊച്ചി: ഇറാന്റെ പടക്കപ്പല്‍ ഐ.ആര്‍.ഐ.എസ്. ലവാന്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. 183 നാവികരാണ് ഈ കപ്പലിലുള്ളത്. ദിവസങ്ങള്‍ക്കു മുമ്പേ ഈ കപ്പലിന് അഭയം നല്‍കിയിരുന്നെന്ന് ഇന്ത്യ വെളിപ്പെടുത്തി . സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. പല തീരങ്ങളിലായി നങ്കൂരമിടുന്ന ഇറാന്റെ മൂന്നാമത്തെ കപ്പലാണ് ഐറിസ് ലവന്‍. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇറാൻ യുദ്ധക്കപ്പലിന് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയത് തന്ത്രപരമായ ഒരു തീരുമാനമാണ്. അമേരിക്ക-ഇറാൻ സംഘർഷത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ ഇന്ത്യ കാലതാമസം വരുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനിയൻ കപ്പലിന് ഇന്ത്യയിൽ അഭയം നൽകിയിരിക്കുന്നത്. വിശാഖപട്ടണത്തെ നാവികാഭ്യാസത്തിൽ പങ്കെടുത്ത 'ഐറിസ് ലവൻ' എന്ന കപ്പലിനാണ് ഈ അനുമതി ലഭിച്ചത്.
കപ്പലിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ കൊച്ചി തീരത്ത് നങ്കൂരമിടണമെന്ന് ഫെബ്രുവരി 28-ന് ഇറാൻ അധികൃതർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മാർച്ച് ഒന്നിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകുകയും ചെയ്തു. തുടർന്ന് മാർച്ച് നാലിനാണ് ഇറാനിയൻ പടക്കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.
അതിനിടെ ഇറാനിയന്‍ കപ്പലിനു നേരെയുണ്ടായ മാരകമായ ടോര്‍പ്പിഡോ ആക്രമണത്തെത്തുടര്‍ന്ന് 250 ലധികം ഇറാനിയന്‍ നാവികര്‍ക്ക് അഭയം നല്‍കി ശ്രീലങ്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന മനുഷ്യക്കുരുതിയെ ശ്രീലങ്ക അപലപിച്ചു. ലങ്കയിലേക്കു വന്ന രണ്ടാമത്തെ ഇറാനിയന്‍ കപ്പലായ ഐ.ആര്‍.ഐ.എസ്.- ബുഷേറിലെ ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് ലങ്ക കരകയറ്റിയത്. ഇവരെ, തലസ്ഥാനമായ കൊളംബോയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഐ.ആര്‍.ഐ.എസ് ബുഷെര്‍ നിലവില്‍ ശ്രീലങ്കയുടെ നിയന്ത്രണത്തിലാണ്.
ബുധനാഴ്ച രാവിലെയാണ് യു.എസ്. അന്തര്‍വാഹിനിയില്‍നിന്നുള്ള ആക്രമണത്തില്‍ ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലായ ഐ.ആര്‍.ഐ.എസ്. ദേന മുങ്ങിയത്. വിശാഖപട്ടണത്ത് രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു മടങ്ങുകയായിരുന്നു ഈ കപ്പല്‍. കപ്പലിലുണ്ടായിരുന്ന 84 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു. 64 പേരെ കാണാതായി.
മുങ്ങിയ കപ്പല്‍ 'ഇന്ത്യയുടെ അതിഥി'യായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാല്‍, നാവികാഭ്യാസത്തിനു പിന്നാലെ കഴിഞ്ഞ 25ന് ഇന്ത്യന്‍ തീരം വിട്ട കപ്പല്‍ 'അതിഥി'യായി തുടരുന്നതെങ്ങനെ എന്ന ചോദ്യമുയര്‍ത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിനെ പ്രതിരോധിക്കുന്നു.
നൂറിലധികം ജീവനക്കാരുമായി എത്തിയ രണ്ടാമത്തെ കപ്പലിനു നേര്‍ക്കും യു.എസ്. ആക്രമണം നടന്നേക്കുമെന്ന് ശ്രീലങ്ക ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് അവര്‍ നാവികരെ കരയ്‌ക്കെത്തിച്ചത്.