-->
‘ഇഷ്ടം’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ‘നന്ദന’ത്തിലെ ബാലാമണിയായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഐഡന്റിറ്റിയുണ്ടാക്കിയെടുക്കാന്‍ നവ്യയ്ക്ക് കഴിഞ്ഞു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ താരം പിന്നീട് കുടുംബിനിയായി സിനിമകളില്‍ നിന്ന് അകലം പാലിച്ചു. വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മികച്ച കഥാപാത്രങ്ങള്‍ നല്‍കി വീണ്ടും പ്രേക്ഷകമനസ്സിലിടം പിടിച്ചു.
മടങ്ങിവരവില്‍ നവ്യ സിനിമയേക്കാളേറെ പ്രാധാന്യം നല്‍കിയത് തന്റെ ‘മാതംഗി’ എന്ന നൃത്തവിദ്യാലയത്തിനും നൃത്തപരിപാടികള്‍ക്കുമാണ്. വേദിയില്‍ നവ്യയുടെ നൃത്തം കാണാന്‍ വലിയൊരു സദസ്സ് തന്നെ എപ്പോഴുമെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലാണെങ്കിലും നവ്യയുടെ ചടുലനൃത്തച്ചുവടുകളും ഭാവങ്ങളും കോര്‍ത്തിണക്കിയ റീല്‍സുകളും ഏറെയാണ്. നവ്യയുടെ നൃത്തവീഡിയോകള്‍ക്ക് വലിയ റീച്ചാണ് സോഷ്യല്‍ മീഡിയയിലുള്ളത്.
ഇപ്പോഴിതാ തന്റെ അവധിക്കാലം ആഘോഷിക്കുന്ന നവ്യയുടെ പുത്തന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കൊച്ചു കുട്ടികളെപ്പോലെ മഞ്ഞിൽ കളിക്കുകയും മഞ്ഞ് വാരി കഴിക്കുകയും ചെയ്യുന്ന നവ്യയെയാണ് വീഡിയോയിൽ കാണാനാകുന്നത്. തന്റെ ഉള്ളിലെ കുട്ടിയെ വീണ്ടെടുത്ത നിമിഷങ്ങളാണിതെന്നും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണമെന്നുമുള്ള കുറിപ്പിനൊപ്പമാണ് നവ്യയുടെ വീഡിയോ.
നവ്യയുടെ കുട്ടിക്കളി കണ്ടുകൊണ്ട്, ‘‘മാനസിക രോഗത്തിന്റെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും മാരകമായ വെര്‍ഷന്‍ ഇതാദ്യ...’’ എന്ന് സുഹൃത്ത് തമാശരൂപേണ പറയുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. തമാശരൂപേണയുള്ള ഈ പരാമർശങ്ങളാണ് വീഡിയോയ്ക്ക് കൂടുതല്‍ റീച്ച് നല്‍കുന്നത്.
‘‘പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. പതിനഞ്ചാം വയസ്സിൽ, ഒരു പെൺകുട്ടി ഇപ്പോഴും അവളുടെ ബാല്യത്തിന്റെ ഒരു വലിയ ഭാഗം ഉള്ളിൽ വഹിക്കുന്നു. എന്നാൽ വഴിയിലെവിടെയോ, വളരെ ഇളം പ്രായത്തിൽ തന്നെ ഞാൻ പ്രൊഫഷണലിസത്തിന്റെ ലോകത്തേക്ക് കാലെടുത്തുവച്ചു. അന്നുമുതൽ, ഞാൻ നിരന്തരം ജോലി ചെയ്തുകൊണ്ടിരുന്നു... ഇപ്പോഴും, ആ യാത്ര തുടരുന്നു.
ചിലപ്പോൾ, ഒരു നടിയായി ആരും എന്നെ നോക്കാത്ത, എനിക്ക് വേണ്ടി കുറച്ച് ശാന്തമായ നിമിഷങ്ങൾ ലഭിക്കുമ്പോൾ, ഞാൻ എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു. ആ നിമിഷങ്ങളാണ് ഞാൻ ശരിക്കും വിലമതിക്കുന്നത്. എന്റെ സ്വന്തം രീതിയിൽ ചെറിയ കാര്യങ്ങൾ ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു... ഒരിക്കൽ എനിക്ക് നഷ്ടമായ കാര്യങ്ങൾ.
നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കൂ. മറ്റുള്ളവർ എന്ത് പറഞ്ഞേക്കാം അല്ലെങ്കിൽ അവർ നിങ്ങളെ എങ്ങനെ കണ്ടേക്കാം എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. നിങ്ങൾ ആരെയും വേദനിപ്പിക്കുന്നില്ല, മറിച്ച് നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ചെറിയ കാര്യങ്ങൾ ചെയ്താൽ മാത്രം മതി...അവ ചെയ്യുക. നിങ്ങളുടെ സന്തോഷം സംരക്ഷിക്കുക. നിങ്ങളുടെ ഉള്ളിലെ കുട്ടിയെ വളർത്തുക. അവിടെയാണ് യഥാർത്ഥ സന്തോഷം ജീവിക്കുന്നത്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. വൈറലായ വീഡിയോയിൽ, നവ്യ മഞ്ഞ് വാരി കഴിക്കുകയും ‘നല്ല ടേസ്റ്റുണ്ടെന്ന്’ പറയുകയും ചെയ്യുന്നത് കാണാം. താരത്തിന്റെ ഈ പുത്തന്‍ വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.