-->
നമ്മള്‍ക്ക് ചുറ്റും നിരവധി നിറങ്ങള്‍ നാം കാണാറുണ്ട്. ഇവയെല്ലാം നമ്മുക്ക് സുലഭമായി കിട്ടുന്നവയുമാണ്. എന്നാല്‍ ഈ നിറങ്ങളിലെല്ലാം കേമനായ ഒരാളുണ്ട് അതാണ് നിറങ്ങളിലെ വിഐപിയായ അള്‍ട്രാമറൈന്‍ ബ്ലൂ. അഫ്ഗാനിസ്ഥാനിലെ ഖനികളില്‍ നിന്ന് ലഭിക്കുന്ന 'ലാപിസ് ലാസുലി' എന്ന അപൂര്‍വ്വ രത്‌നക്കല്ലില്‍ നിന്നാണ് ഈ നിറം ഉണ്ടാക്കുന്നത്. ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടും, ഒരു ഗ്രാമിന് ഏകദേശം 80,000 രൂപയിലധികം വരും ഇതിന്റെ മൂല്യം.
'കടലിനക്കരെ നിന്ന് വരുന്നത്' എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കില്‍ നിന്നാണ് അള്‍ട്രാമറൈന്‍ എന്ന പേര് ലഭിച്ചത്. രത്‌നക്കല്ല് പൊടിച്ച് അതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നിറം വേര്‍തിരിച്ചെടുക്കുന്നത് വളരെ പ്രയാസകരമായ ജോലിയാണ്. മെഴുക്, എണ്ണ എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ പലതവണ ശുദ്ധീകരിച്ച ശേഷമാണ് ഈ മനോഹരമായ നീലനിറം ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴയ ലാപിസ് ലാസുലി ഖനികള്‍ അഫ്ഗാനിസ്ഥാനിലാണുള്ളത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പുരാതന ഈജിപ്തിലേക്കും മറ്റും ഈ കല്ലുകള്‍ എത്തിയിരുന്നു. അന്നത്തെ രാജാക്കന്മാരുടെ ആഭരണങ്ങളിലും മുദ്രകളിലും ഈ വിലപിടിപ്പുള്ള നീലനിറം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.
ലിയോനാര്‍ഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ പ്രശസ്തരായ ചിത്രകാരന്മാര്‍ തങ്ങളുടെ ചിത്രങ്ങളില്‍ ഈ നിറം ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ മറിയത്തിന്റെ വസ്ത്രങ്ങള്‍ ചിത്രീകരിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിച്ചിരുന്നത്. ഇതിന്റെ അമിതമായ വില കാരണം അക്കാലത്തെ ചിത്രകാരന്മാര്‍ രാജാക്കന്മാരില്‍ നിന്ന് പ്രത്യേക സഹായം തേടാറുണ്ടായിരുന്നു.