Tuesday, March 10, 2026 Last Updated 52 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.44 PM

ലങ്കന്‍ തീരത്തേക്ക്‌ വീണ്ടും ഇറാന്‍ കപ്പല്‍; ആക്രമിക്കപ്പെടുമെന്ന്‌ ആശങ്ക

uploads/news/2026/03/828652/int2.jpg

കൊളംബോ/ടെഹ്‌റാന്‍: ശ്രീലങ്കന്‍ തീരത്തിനടുത്തേക്ക്‌ വീണ്ടും ഇറാന്‍ യുദ്ധക്കപ്പല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്‌. യു.എസ്‌. അന്തര്‍വാഹിനിയില്‍നിന്നുള്ള ആക്രമണത്തില്‍ ഇറാന്‍ യുദ്ധക്കപ്പലായ ഐ.ആര്‍.ഐ.എസ്‌. ദേന മുങ്ങിയതിനു പിന്നാലെയാണിത്‌.
നൂറിലധികം ജീവനക്കാരുമായി എത്തുന്ന രണ്ടാമത്തെ കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്‌ കപ്പല്‍ അടുപ്പിക്കാന്‍ അനുമതി തേടിയതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു ശ്രീലങ്കന്‍ എം.പി: നമല്‍ രാജപക്‌സെ പറഞ്ഞു. കപ്പല്‍ നിലവില്‍ രാജ്യത്തിന്റെ ജലാതിര്‍ത്തിക്കു പുറത്താണെന്നു ശ്രീലങ്കന്‍ മന്ത്രി നളിന്ദ ജയതിസ സ്‌ഥിരീകരിച്ചിരുന്നു. ഐ.ആര്‍.ഐ.എസ്‌. ദേനയെ ആക്രമിച്ച രീതിയില്‍ യു.എസ്‌. ഈ കപ്പലിനെയും ആക്രമിച്ചേക്കാമെന്നു ശ്രീലങ്ക ആശങ്ക പ്രകടിപ്പിച്ചു. ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുകയാണെന്നും ജയതിസ പറഞ്ഞു.
യു.എസ്‌. ആക്രമണത്തില്‍ ഐ.ആര്‍.ഐ.എസ്‌. ദേന മുങ്ങി 87 ഇറാനിയന്‍ നാവികരാണു കൊല്ലപ്പെട്ടത്‌. ഇവരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ തുറമുഖ നഗരമായ ഗാലെയില്‍ തയാറെടുപ്പുകള്‍ നടത്തുകയാണ്‌. ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 ഇറാന്‍ നാവികര്‍ കനത്ത സുരക്ഷയില്‍ ചികിത്സയിലാണ്‌. കാണാതായ 60 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന്‌ നാവികസേന വക്‌താവ്‌ ബുദ്ധിക സമ്പത്ത്‌ പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റ്‌ അനുര കുമാര ദിസനായകേ ഉന്നത ഉദ്യോഗസ്‌ഥരുമായി സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്‌തു.
യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിച്ചുകൊണ്ടാണ്‌ യു.എസ്‌. അന്തര്‍വാഹിനി ഇറാന്‍ യുദ്ധക്കപ്പലിനു നേരേ ടോര്‍പിഡോ ആക്രമണം നടത്തിയത്‌. വിശാഖപട്ടണത്തു നടന്ന രാജ്യാന്തര സൈനികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്‍ കപ്പലാണ്‌ ബുധനാഴ്‌ച പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്‌. അപകടസൂചന ലഭിച്ച്‌ ശ്രീലങ്കന്‍ രക്ഷാക്കപ്പല്‍ സ്‌ഥലത്ത്‌ എത്തിയപ്പോഴേക്കും ഇറാന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങിയിരുന്നു.
അതിനിടെ, രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍വച്ച്‌ തങ്ങളുടെ കപ്പല്‍ ആക്രമിച്ച നടപടിയില്‍ യു.എസ്‌. കഠിനമായി ഖേദിക്കേണ്ടിവരുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.
'ഇറാന്റെ തീരത്തുനിന്ന്‌ 2,000 മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു അമേരിക്കയുടെ അതിക്രമം. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി 130 നാവികരെ വഹിച്ചുകൊണ്ടുപോയ ഫ്രിഗേറ്റ്‌ ദേനയെ സമുദ്രത്തില്‍വച്ച്‌ ആക്രമിച്ചു. അമേരിക്ക ഇതിന്റെ പേരില്‍ കഠിനമായി ഖേദിക്കേണ്ടി വരും'-ഇറാന്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ, വിഷയത്തില്‍ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കുന്ന ഇന്ത്യയും ശ്രീലങ്കയും സംഘര്‍ഷം സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടു.
അതേസമയം, ശ്രീലങ്കന്‍ തീരത്തിനോടുചേര്‍ന്ന്‌ ഇറാന്‍ കപ്പലിനെ യു.എസ്‌. തകര്‍ത്ത സംഭവത്തില്‍ മേഖലയില്‍ ആശങ്ക. ശ്രീലങ്കയ്‌ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിനാകെയും ഗുരുതര ആശങ്ക സൃഷ്‌ടിക്കുന്ന സാഹചര്യമാണിത്‌. ഇന്ത്യയെ സംബന്ധിച്ചും ഇത്‌ ആശങ്കാജനകമാണ്‌. യുദ്ധം മൈലുകള്‍ അകലെയാണ്‌ നടക്കുന്നത്‌. എന്നാല്‍, ശ്രീലങ്കന്‍ കടലില്‍നിന്നു വെറും 40 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിന്റെ ചലനങ്ങളുണ്ടാകുന്നു.'- ശ്രീലങ്കന്‍ പാര്‍ലമെന്റ്‌ അംഗവും മുന്‍ പ്രസിഡന്റ്‌ മഹിന്ദ രാജപക്‌സെയുടെ മകനുമായ നമല്‍ രാജപക്‌സെ പറഞ്ഞു. യു.എസിന്റെ നടപടിയെക്കുറിച്ചു ശ്രീലങ്കന്‍ സര്‍ക്കാരിനു നേരത്തെ വിവരം ലഭിച്ചിരുന്നോയെന്നു വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Thursday 05 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW