Tuesday, March 10, 2026 Last Updated 53 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.44 PM

ഇറാന്റെ കോട്ടകൊത്തളങ്ങള്‍ തച്ചുടച്ച്‌ യു.എസ്‌-ഇസ്രയേല്‍ വ്യോമാക്രമണം

ടെഹ്‌റാന്‍: യു.എസ്‌-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക-പ്രതിരോധ സംവിധാനങ്ങള്‍ തരിപ്പണമായതായി റിപ്പോര്‍ട്ട്‌. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ഇറാന്‍ ഭൂമികയുടെ സാറ്റലൈറ്റ്‌ ദൃശ്യങ്ങളാണ്‌ ഇതിന്‌ ആധാരം.
സാറ്റലൈറ്റ്‌ ഇന്റലിജന്‍സ്‌ സ്‌ഥാപനങ്ങളായ വെന്റര്‍, പ്ലാനറ്റ്‌ ലാബ്‌സ്‌ എന്നിവ വിവിധ തീയതികളിലെടുത്ത ചിത്രങ്ങള്‍ ഇറാന്‍ നേരിട്ട നാശം അടിവരയിടുന്നതാണ്‌. കഴിഞ്ഞ ഫെബ്രുവരി 21, മാര്‍ച്ച്‌ നാല്‌ ദിവസങ്ങളിലേതടക്കമുള്ള സാറ്റലൈറ്റ്‌ ചിത്രങ്ങളും 2024 മേയ്‌ 14 ലെ ചിത്രങ്ങളുമാണ്‌ താരതമ്യത്തിന്‌ അടിസ്‌ഥാനം. മിസൈല്‍ താവളങ്ങള്‍, നാവികസേനാ സങ്കേതങ്ങള്‍, ഡ്രോണ്‍ സംവിധാനങ്ങള്‍, വിമാനത്താവള അടിസ്‌ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം കനത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചതെന്നു ചിത്രങ്ങളില്‍ വ്യക്‌തം.
അതേസമയം, ഇന്ത്യ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യു,എസ്‌ മുങ്ങിക്കപ്പല്‍ ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെ, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക്‌ റവല്യൂഷണറി ഗാര്‍ഡ്‌ മകാര്‍ (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. യു.എസ്‌ ഇതിനോടു പ്രതികരിച്ചിട്ടില്ല. എന്നാല്‍, പശ്‌ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മധ്യസ്‌ഥത വഹിക്കാന്‍ തയാറെന്ന്‌ ചൈന പറഞ്ഞു. യു.എസ്‌-ഇസ്രയേല്‍ സംയുക്‌ത ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. വിവിധ രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ (10), ബെഹ്‌റൈന്‍ (ഒന്ന്‌), കുവൈത്ത്‌ (മൂന്ന്‌), ഒമാന്‍ (ഒന്ന്‌), യൂ.എ.ഇ (മൂന്ന്‌), സിറിയ (നാല്‌), ഇറാഖ്‌ (13) എന്നിങ്ങനാണ്‌ മരണസംഖ്യ. ഇതിനു പുറമേ കുവൈത്തിലെ യു.എസ്‌ സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ ആറു യു.എസ്‌ സൈനികര്‍ മരിച്ചു.
ഹോര്‍മൂസ്‌ കടലിടുക്കില്‍ മര്‍ച്ചന്റ്‌ നേവിയുടെ എണ്ണ ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തില്‍ ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ രണ്ട്‌ ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 22-ന്‌ ഒമാന്‍ ഉള്‍ക്കടലില്‍ 'സ്‌കൈലൈറ്റ്‌' എന്ന എണ്ണ ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തില്‍ ബിഹാര്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ആഷിഷ്‌ കുമാറും മുംബൈ സ്വദേശി ദീക്ഷിത്‌ സോളങ്കിയുമാണ്‌ കൊല്ലപ്പെട്ടത്‌. ഇതേ കപ്പലിലെ ജീവനക്കാരനായ രാജസ്‌ഥാന്‍ സ്വദേശി ദലീപ്‌ സിങ്ങിനെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്‌.അതേസമയം, അസര്‍ബൈജാന്‌ നേരേയും ഇറാന്റെ ഡ്രോണ്‍ ആക്രമണം. അസര്‍ബൈജാന്‌ കീഴിലുള്ള സ്വയംഭരണപ്രദേശമായ നഖ്‌ചിവനിലെ വിമാനത്താവളത്തിന്‌ നേരേയും ഷാക്കറാബാദിലുമാണ്‌ ഇറാന്റെ ഡ്രോണുകള്‍ പതിച്ചതെന്ന്‌ അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക്‌ മിസൈല്‍ പ്രയോഗിച്ചതില്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയും പ്രതിഷേധിച്ചിരുന്നു. രണ്ടു സംഭവങ്ങളും ഇറാന്‍ നിഷേധിച്ചു.

Ads by Google
Thursday 05 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW