-->
ടെഹ്‌റാന്‍: രാജ്യാന്തര കപ്പല്‍ച്ചാലായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടലില്‍ വിശദീകരണവുമായി ഇറാന്‍. അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ്, അവരുടെ പാശ്‌ചാത്യ സഖ്യകക്ഷികള്‍ എന്നിവരുടെ കപ്പലുകള്‍ക്കു മാത്രമായിരിക്കും അടച്ചിടല്‍ ബാധകമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). ഇത് അവഗണിച്ച് കപ്പല്‍ച്ചാലിലൂടെ സഞ്ചരിക്കുന്ന ഈ രാജ്യങ്ങളുടെ കപ്പലുകള്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുമെന്നും പ്രസ്‌താവനയിലുണ്ട്.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമമായ ഐ.ആര്‍.ഐ.ബിയിലൂടെ ഇന്നലെയായിരുന്നു പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാല്‍ അടച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇത്. രാജ്യാന്തര നിയമങ്ങള്‍ക്കും ചാര്‍ട്ടറുകള്‍ക്കും അനുസൃതമായി യുദ്ധസമയങ്ങളില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ഐ.ആര്‍.ജി.സി. പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ജലപാത ഉപയോഗിക്കുന്ന അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇവരുമായി സഖ്യത്തിലുള്ളവര്‍ എന്നിവരുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പും ഐ.ആര്‍.ജി.സി. നല്‍കി.
യു.എസ്-ഇസ്രയേല്‍ സഖ്യവുമായി യുദ്ധം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിലാണു രാജ്യാന്തര ചരക്കുഗതാഗതത്തിന്റെ കേന്ദ്രബിന്ദുവായ ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ 90 ശതമാനത്തോളം കുറവുണ്ടായി. ഇന്ത്യന്‍ പതാക പാറുന്ന ചരക്കുകപ്പലുകള്‍ അടക്കം ഹോര്‍മുസിന്റെ ഇരുധ്രുവങ്ങളിലായി കുടുങ്ങി. ഇറാന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും ആവശ്യമെങ്കില്‍ ചരക്കുകപ്പലുകള്‍ക്ക് തങ്ങളുടെ നാവികസേന അകമ്പടിസേവിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ കപ്പല്‍ച്ചാലിലൂടെ ചൈനീസ് യാനങ്ങള്‍ക്കുമാത്രം സഞ്ചരിക്കാന്‍ അനുമതിയുണ്ടെന്നു വ്യക്‌തമാക്കി കഴിഞ്ഞദിവസം ഇറാന്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 28 ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്‌ത സൈനിക നടപടി ആരംഭിച്ചതുമുതലാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ഗതാഗതം അനിശ്‌ചിതത്വത്തിലായത്. പേര്‍ഷ്യന്‍ ഗള്‍ഫ് തുറമുഖങ്ങളുടെ ഏക കടല്‍മാര്‍ഗമായ ഹോര്‍മുസ് അടച്ചതോടെ ചരക്കുനീക്കം സ്‌തംഭനാവസ്‌ഥയിലായി. രാജ്യാന്തരതലത്തില്‍ എണ്ണവില കുതിച്ചുകയറിയതായിരുന്നു അടിയന്തര പ്രതിഫലനം. രാജ്യാന്തര സമ്പദ്‌വ്യവസ്‌ഥയ്‌ക്കും ഇതു കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നു.
രാജ്യാന്തര എണ്ണവിപണികളിലേക്കുള്ള അഞ്ചിലൊന്ന് ചരക്കുനീക്കവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. എന്നാല്‍ ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന കിഴക്ക്-പടിഞ്ഞാറ് കപ്പല്‍പ്പാതകളെ പൂര്‍ണ ഉപരോധം തടസപ്പെടുത്തില്ലെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുവൈത്തിന് സമീപം വടക്കോട്ടും ദുബായ് തീരത്തിന് അകലെയായും ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള കപ്പലുകളുടെ വലിയനിര നിശ്‌ചലമായി കിടക്കുന്നത് മറൈന്‍ ട്രാഫിക് വെബ്‌സൈറ്റില്‍ വ്യക്‌തം. ഇറാന്റെ സ്വന്തം വ്യാപാര കപ്പല്‍പ്പട കടലിടുക്കിന്റെ കിഴക്കുവശത്തുള്ള ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതു കാണാം. ഹോര്‍മുസിന്റെ പ്രവേശന കവാടത്തിനു പുറത്ത് കപ്പലുകളുടെ വന്‍നിര ഊഴം കാത്തു കിടക്കുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം നിലച്ചത്
ഇതാദ്യമായാണ്. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇതുവഴിയുള്ള വ്യാപാര ഗതാഗതം തടസപ്പെട്ടിരുന്നില്ല.