-->
പാലക്കാട്: ജനകീയരായ മഹാന്മാര്‍ ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്‌പിരിറ്റ് കച്ചവടക്കാരനാണെന്ന് പി.കെ. ശശി.
മാര്‍ക്‌സിസ്‌റ്റ് കൂട്ടായ്‌മ ജില്ലാതല കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ശശി. ഭരണ സൗകര്യം ഉപയോഗിച്ച് പല നേതാക്കളും നടത്തിയ തോന്ന്യാസങ്ങളും അഴിമതികളുമൊന്നും വിശദീകരിക്കുന്നില്ല. ഉത്തരവാദപ്പെട്ട പാര്‍ട്ടി സ്‌ഥാനത്തിരിക്കുന്ന ആള്‍ സ്‌പിരിറ്റ് കേസില്‍ പ്രതിയായി. അതിനെതിരേ പാര്‍ട്ടിക്കകത്ത് ശബ്‌ദം ഉയര്‍ത്തിയതിന് വേട്ടയാടുകയാണ്.
ലോകത്ത് ഇത്ര കഴിവുള്ള ഒരു ജില്ലാ സെക്രട്ടറി വേറെ കാണില്ല. രണ്ട് സഖാക്കള്‍ തമ്മില്‍ മാനസിക അടുപ്പമുള്ളതായി കണ്ടാല്‍ മൂന്നാംദിനം അവരെ ശത്രുവാക്കും. എന്താണ് അതിലെ ടെക്‌നിക്‌് എന്നറിയില്ല. യോജിപ്പോടെ ഇരിക്കുന്ന സഖാക്കളെ തെറ്റിക്കും. അഞ്ചുവര്‍ഷം കൊണ്ട് അനേകായിരങ്ങളെ വിരോധികളാക്കിയ സെക്രട്ടറിയും വേറെ കാണില്ല. അവരെ മുഴുവന്‍ പങ്കെടുപ്പിച്ചാണ് കണ്‍വന്‍ഷന്‍ വിളിക്കുന്നതെങ്കില്‍ പാലക്കാട് കോട്ടമൈതാനം പോലും മതിയാവാതെ വരും.
മണ്ണാര്‍ക്കാട്ട് 1500 കുട്ടികള്‍ പഠിച്ചിരുന്ന സ്‌ഥാപനമാണ് പൊളിച്ചത്. ഇന്നവിടെ 350 കുട്ടികളാണുള്ളത്. പലിശയ്‌ക്ക് പണം കൊടുക്കല്‍ പണിയാക്കിയ ആളുടെ നീലച്ചിത്രത്തിലെ കഴിവ് ജില്ലകള്‍ക്ക് അപ്പുറത്തേക്ക് എത്തിയപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാക്കി.
വൈകിട്ട് ഏഴു കഴിഞ്ഞാല്‍ ഫോണ്‍ എടുക്കാത്ത ആളാണ് മറ്റൊരു സെക്രട്ടേറിയറ്റ് അംഗം. ഇനി അഥവാ ഫോണ്‍ എടുത്താല്‍ പിന്നെ പച്ചതെറിയാണ് പറയുക. ഉന്നത നേതാവ് വിളിച്ചപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. മറ്റൊരു കേമന് ഭൂമിക്കച്ചവടമാണ്. അതില്‍ ഉടക്കി സെക്രട്ടേറിയറ്റ് മെമ്പറാക്കി. തൊഴിലുറപ്പുമായി നടന്ന ആളുമുണ്ട്. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വന്‍ഷനാണിത്. അന്തരിച്ച കോടിയേരി ബാലകൃഷ്‌ണന്‍ എല്ലാ സഖാക്കളെയും ചേര്‍ത്തുനിര്‍ത്തിയിരുന്നു. ആ കരുതല്‍ ഇപ്പോഴില്ല.-പി.കെ. ശശി പറഞ്ഞു.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചിറ്റൂര്‍ ജനകീയ കൂട്ടായ്‌മ നേതാവുമായ എം. സതീഷ് അധ്യക്ഷത വഹിച്ചു. എലപ്പുള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ഹരിദാസ്, ശ്രീകൃഷ്‌ണപുരം മുന്‍ ഏരിയ സെക്രട്ടറി എന്‍. ഹരിദാസ്, വടക്കഞ്ചേരി മുന്‍ ഏരിയ സെക്രട്ടറി എ. ബാലന്‍, അജിത് കുമാര്‍ അമ്പലപ്പാറ, ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.