-->
ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു. രാജിയുടെ കാരണം വ്യക്‌തമല്ല. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ ബംഗാളിലെ പുതിയ ഗവര്‍ണറായി നിയമിക്കുമെന്നാണു വിവരം. എന്നാല്‍, ബംഗാളിനൊപ്പം കേരളവും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കെയാണ് ആനന്ദബോസിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.
കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്‌ഥനാണ്. എഴുത്തുകാരനായും പേരെടുത്ത അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നതിനിടെ 2022 നവംബറില്‍ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായി.
ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌്സില്‍ കുറിച്ചു. രാജിയുടെ കാരണം എന്താണെന്ന് വ്യക്‌തമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഗവര്‍ണര്‍ സമ്മര്‍ദം നേരിട്ടുണ്ടെങ്കില്‍ തനിക്ക് അത്ഭുതമില്ലെന്നും കുറിപ്പില്‍ പറയുന്നു. ആര്‍.എന്‍. രവിയെ ബംഗാളിലെ പുതിയ ഗവര്‍ണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍നിന്ന് അറിയിപ്പ് കിട്ടിയതായും ഇതുസംബന്ധിച്ച് താനുമായി ഒരു ആലോചനയും നടന്നിട്ടില്ലന്നും മമത കൂട്ടിച്ചേര്‍ത്തു.
ലഡാക്ക് ലഫ് ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്‌തയും രാജിവച്ചു. കൂടുതല്‍ ഗവര്‍ണര്‍മാര്‍ രാജിവച്ചേക്കുമെന്നാണ് വിവരം. പുതിയ നിയമനങ്ങള്‍ നടന്നേക്കുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന്, രാജിക്കത്ത് നല്‍കിയശേഷം ഡല്‍ഹിയിലെ ബംഗാള്‍ ഭവനില്‍ എത്തിയ ആനന്ദബോസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.