-->
ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തടയുന്നതിനായി കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇന്നു കൂടി തുടരുമെന്ന് അധികൃതര്‍. ഞായറാഴ്‌ച മുതലുള്ള നിയന്ത്രണങ്ങള്‍ മൂലം കടകളും വ്യാപാര സ്‌ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുത്തിയതിനു പുറമേ പ്രീപെയ്‌ഡ് മൊബൈല്‍ ഫോണ്‍ സേവനവും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഖമനേിയിയുടെ മരണത്തില്‍ അനുശോചിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഞായറാഴ്‌ച തടിച്ചുകൂടിയതിനെത്തുടര്‍ന്ന് ശ്രീനഗറിലെ നഗര കേന്ദ്രമായ ലാല്‍ ചൗക്ക് അടച്ചു. ഷിയ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലും ആള്‍ക്കാര്‍ ഒത്തുചേരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണു ലാല്‍ചൗക്കില്‍ പ്രതിഷേധങ്ങള്‍ തടയാന്‍ ബാരിക്കേഡുകള്‍ സ്‌ഥാപിക്കുന്നത്.
വലിയ പ്രതിഷേധങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ബാരാമുള്ള ജില്ലയിലെ സിംഗപ്പുര്‍ പട്ടാനില്‍ കല്ലേറും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ശ്രീനഗറില്‍ നിയമസഭാംഗങ്ങള്‍, സാമൂഹിക സംഘടനകള്‍, മതനേതാക്കള്‍ എന്നിവരുമായി ഒരു കൂടിക്കാഴ്‌ച നടത്തി.