-->
വാഷിങ്‌ടണ്‍: ഇറാനെതിരായ സൈനികനടപടിയെ പിന്തുണയ്‌ക്കാത്ത സ്‌പെയിനെതിരേ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
"സ്‌പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നു" - ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായുള്ള ഓവല്‍ ഓഫീസ് കൂടിക്കാഴ്‌ചയ്‌ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്‌ട്രസംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള ഏതെങ്കിലും ആക്രമണങ്ങളില്‍ സ്‌പെയിനിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്ന് സ്‌പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ യു.എസ്. യുദ്ധവിമാനങ്ങള്‍ സ്‌പെയിന്‍ വിട്ടു. യു.എസ്-സ്‌പെയിന്‍ സംയുക്‌ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോണ്‍ താവളങ്ങളില്‍നിന്ന് 15 വിമാനങ്ങളാണ് ജര്‍മനിയിലെ റാംസ്‌റ്റീന്‍ വ്യോമത്താവളത്തിലേക്ക് പോയത്.
നേരത്തേ, ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ ബ്രിട്ടനനും വിസമ്മതിച്ചിരുന്നു. എന്നാല്‍, പശ്‌ചിമേഷ്യയിലുടനീളം ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളോടെ ഞായറാഴ്‌ച, പ്രധാനമന്ത്രി സ്‌റ്റാര്‍മര്‍ അവ ഉപയോഗിക്കാന്‍ യു.എസിന് അനുമതി നല്‍കി.എന്നാല്‍, സ്‌പെയിന്‍ നിഷേധിച്ചാലും തങ്ങള്‍ക്ക് വേണമെങ്കില്‍ താവളം ഉപയോഗിക്കാമായിരുന്നുവെന്നു ട്രംപ് പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് വേണമെങ്കില്‍ അവരുടെ താവളം ഉപയോഗിക്കാം. ഞങ്ങള്‍ക്ക് അവിടെ പറന്നെത്താം. അത് ഉപയോഗിക്കരുതെന്ന് ആരും ഞങ്ങളോട് പറയില്ല, പക്ഷേ ഞങ്ങള്‍ അത് ചെയ്യില്ല" -ട്രംപ് പറഞ്ഞു.സ്‌പെയിന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗം ആയതിനാല്‍ ട്രംപ് എങ്ങനെ സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നത് വ്യക്‌തമല്ലെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ 27 അംഗ രാജ്യങ്ങള്‍ക്കും വേണ്ടി യൂറോപ്യന്‍ യൂണിയനാണ് വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നത്. ഇറാന്‍ യുദ്ധം എതിര്‍ക്കുന്നത് കൂടാതെ നാറ്റോ ചെലവ് വര്‍ധിപ്പിക്കാന്‍ അനുവദിക്കാത്തതും സ്‌പെയിനെതിരേയുള്ള ട്രംപിന്റെ ഭീഷണിക്ക് കാരണമായിട്ടുണ്ട്.നാറ്റോയുടെ 5% പ്രതിരോധ ചെലവ് ലക്ഷ്യത്തില്‍നിന്ന് പിന്മാറിയ സ്‌പെയിനിന്റെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനത്തെക്കുറിച്ച് ട്രംപ് ചൊവ്വാഴ്‌ച വീണ്ടും പരാതിപ്പെട്ടു. നാറ്റോ ചെലവ് 5% ആയി വര്‍ധിപ്പിക്കാന്‍ സമ്മതിക്കാത്ത ഏക രാജ്യം സ്‌പെയിന്‍ ആണെന്നും ട്രംപ് പറഞ്ഞു. അവര്‍ 2% ആയി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു, അവര്‍ ആ 2% പോലും അടയ്‌ക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ട്രംപ് പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ ജര്‍മന്‍ ചാന്‍സലര്‍,"ഇത് നമ്മുടെ പൊതുവായ സുരക്ഷയുടെ ഭാഗമാണെന്നും നാമെല്ലാവരും ഇത് പാലിക്കണമെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്" എന്നും പറഞ്ഞു. അതിനിടെ, ഇറാനെതിരായ സൈനിക നീക്കങ്ങളെ ശക്‌തമായി വിമര്‍ശിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം നീതിയുക്‌തമായ ഒരു രാജ്യാന്തര ക്രമത്തിനോ, മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനോ വഴിതെളിക്കില്ലെന്ന് സാഞ്ചസ് പറഞ്ഞു. ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബെയ്‌ജിങ്ങിലെ സ്‌പാനിഷ് എംബസിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര നിയമങ്ങളും യൂറോപ്യന്‍ യൂണിയനുമായുള്ള ഉഭയകക്ഷി വ്യാപാര കരാറുകളും യു.എസ് മാനിക്കണമെന്ന് ട്രംപിന്റെ ഭീഷണിക്ക് സ്‌പാനിഷ് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. "യു.എസ് വ്യാപാര ഉപരോധത്തിന്റെ ആഘാതം നേരിടാന്‍ ആവശ്യമായ വിഭവങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്" - പ്രസ്‌താവന വ്യക്‌തമാക്കി.