Tuesday, March 10, 2026 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 PM

ലങ്കന്‍ തീരത്ത്‌ ഇറാന്‍ കപ്പല്‍ യു.എസ്‌. മുക്കി; 87 മരണം

uploads/news/2026/03/828486/int1.jpg

കൊളംബോ: ഇന്ത്യന്‍ മഹാസുദ്രത്തില്‍ ഇറാന്‍ നാവികസേനാ കപ്പലിനെ മുക്കി യു.എസ്‌ മുങ്ങിക്കപ്പല്‍ ആക്രമണം. ബുധനാഴ്‌ച പുലര്‍ച്ചെ ശ്രീലങ്കന്‍ തീരത്തിനു സമീപം നടന്ന ആക്രമണത്തില്‍ 87 നാവികര്‍ കൊല്ലപ്പെട്ടു. 32 പേരെ ലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. വിശാഖപട്ടണത്ത്‌ നടന്ന 'മിലന്‍ 2026' ബഹുരാഷ്‌ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക്‌ മടങ്ങുകയായിരുന്ന ഫ്രിഗേറ്റ്‌ക്ല ാസ്‌ യുദ്ധക്കപ്പല്‍ ഐ.ആര്‍.ഐ.എസ്‌. ദേനയാണ്‌ ആക്രമിക്കപ്പെട്ടത്‌.
കപ്പല്‍ ആക്രമിച്ചത്‌ തങ്ങളാണെന്നു യു.എസ്‌ പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സെത്ത്‌ സ്‌ഥിരീകരിച്ചു. തെക്കന്‍ ശ്രീലങ്കയിലെ ഗാലെ തീരത്തിനു സമീപം ടോര്‍പ്പിഡോ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ്‌. പ്രതിരോധ വകുപ്പ്‌ പുറത്തുവിട്ടു. 1945 ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചശേഷം ആദ്യമായാണ്‌ യു.എസ്‌. ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പല്‍ തകര്‍ക്കുന്നത്‌.
കപ്പല്‍ കടലില്‍ പൂര്‍ണമായി മുങ്ങിയതായി ലങ്കന്‍ നാവികസേന അറിയിച്ചു. ദേനയില്‍നിന്നു ലഭിച്ച അപായസന്ദേശത്തെത്തുടര്‍ന്നാണ്‌ ലങ്കന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയത്‌. 180 പേരാണ്‌ കപ്പലിലുണ്ടായിരുന്നത്‌. കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്ന്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും നാവികസേനാ വക്‌താവ്‌ ബുദ്ധിക സമ്പത്ത്‌ കൊളംബോയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. രക്ഷപ്പെടുത്തിയ നാവികരെ തെക്കന്‍ തീരനഗരമായ ഗാലെയിലെ ആശുപത്രിയിലേക്ക്‌ മാറ്റി. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചതായി ലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത്‌ പാര്‍ലമെന്റിനെ അറിയിച്ചു.

'മിലന്‍ 2026'
ഇന്ത്യന്‍ നാവികസേന ആതിഥേയത്വം വഹിച്ച പരിപാടിയാണ്‌ 'മിലന്‍ 2026' ബഹുരാഷ്‌ട്ര നാവിക അഭ്യാസം. വിശാഖപട്ടണം തുറമുഖത്ത്‌ 10 ദിവസങ്ങളിലായി നടന്ന അഭ്യാസത്തില്‍ ഇന്ത്യയ്‌ക്കു പുറമേ യു.എസ്‌, റഷ്യ, ചൈന, ജപ്പാന്‍, ജര്‍മനി, ഇറാന്‍, ഫിലിപ്പീന്‍സ്‌, യു.എ.ഇ, ദക്ഷിണാഫ്രിക്ക തുടങ്ങി 72 രാജ്യങ്ങള്‍ പങ്കെടുത്തു.

Ads by Google
Wednesday 04 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW