-->
ടെഹ്‌റാന്‍/മുംബൈ: യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിനേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മൊജ്‌താബ ഹുസൈനി ഖമനേയിയെ ഇറാന്‍ പരമോന്നതനേതാവായി തെരഞ്ഞെടുത്തെന്ന് അഭ്യൂഹം. പരമോന്നതനേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സി'ന്റേതാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു.
പുതിയ പരമോന്നതനേതാവിനെ തെരഞ്ഞെടുത്തെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്‌ഥിരീകരണമില്ലെന്നും അത് നിഷേധിക്കുന്നതായും മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ 'എക്‌സി'ലൂടെ വ്യക്‌തമാക്കി. ഖമനേയിയുടെ പിന്‍ഗാമിയെ എത്രയും വേഗം തെരഞ്ഞെടുക്കാന്‍ ശ്രമം തുടരുകയാണെന്നായിരുന്നു കഴിഞ്ഞദിവസം 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സ്' അംഗം അഹമ്മദ് ഖാത്തമിയുടെ പ്രതികരണം. ഇറാന്റെ പുതിയ നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കുകയും ചെയ്‌തു.
ഖമനേയിയുടെ പിന്‍ഗാമിയാകുമെന്ന് ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന പേരാണ് മകന്‍ മൊജ്‌താബയുടേത്. അദ്ദേഹം ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയോഗിക്കപ്പെടുകയോ ചെയ്‌തിട്ടില്ല. പിതാവ് വധിക്കപ്പെട്ടശേഷം മൊജ്‌താബ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല.