-->
ടെഹ്‌നഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ദുഃഖാചരണച്ചടങ്ങുകള്‍ മാറ്റിവച്ചു. മൂന്നു ദിവസത്തെ ദുഃഖാചരണച്ചടങ്ങുകള്‍ ഇന്നലെ രാത്രി പത്തിനു തുടങ്ങുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്നതും ശരിയായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് പരിപാടി മാറ്റിയതായി ഇറാന്റെ വാര്‍ത്താ ഏജന്‍സി ഫാര്‍സ് അറിയിച്ചു. ഔദ്യോഗിക ചടങ്ങിന്റെ പുതിയ സമയം തീരുമാനിച്ചിട്ടില്ല. അതേ സമയം, ടെഹ്‌റാന്‍ സ്‌ക്വയറുകളിലെ ഒത്തുചേരലുകളടക്കം മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം തുടരും.
പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അഞ്ചാം ദിവസത്തിലും ഇറാനിലും ലെബനനിലും ഇസ്രായേല്‍ ബോംബാക്രമണം തുടര്‍ന്നു. ശനിയാഴ്‌ച തുടങ്ങിയ ആക്രമണത്തില്‍ ഇറാനില്‍ മരണം 1,100 കടന്നതായാണു വിവരം. യു.എസ്.-ഇസ്രയേല്‍ സംയുക്‌ത ആക്രമണത്തിനു തിരിച്ചടിയായി യു.എസിനു താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരേ ഇറാനും മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
ഇറാനെതിരായ ഇസ്രയേലിന്റെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. ഞായറാഴ്‌ച കുവൈത്ത് തുറമുഖത്ത് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് യു.എസ്. സൈനികരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. ലെബനന്‍ നഗരമായ ബാല്‍ബെക്കിലെ നാലുനില കെട്ടിടത്തിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇറാനിലെ പുരോഹിത ഭരണനേതൃത്വം നിയമിക്കുന്ന ഏതൊരു പുതിയ നേതാവിനെയും ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാവിലെ ലെബനനില്‍ ബെയ്‌റൂട്ടിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപവും ഇറാനിയന്‍ നഗരമായ എസ്‌ഫഹാന് സമീപവും പുക ഉയര്‍ന്നിരുന്നു. ലാഹോര്‍, കറാച്ചി നഗരങ്ങളിലെ അടിയന്തര സേവനമില്ലാത്ത യു.എസ്. ജീവനക്കാരോട് പാകിസ്‌താന്‍ വിടാന്‍ യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടു.
കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍ തിരക്കുകൂട്ടുമ്പോള്‍ അയല്‍രാജ്യങ്ങളുമായി ചേര്‍ന്നു സുരക്ഷിത വ്യോമ ഇടനാഴികള്‍ തുറന്നതായി യു.എ.ഇ. അറിയിച്ചു.യു.എ.ഇയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫ്രാന്‍സ് മേഖലയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. സംഘര്‍ഷം മൂലം മേഖലയില്‍ എണ്ണവില ഉയരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ഏഷ്യന്‍ ഓഹരികള്‍ ഇന്നലെ കുത്തനെ ഇടിഞ്ഞു. അതേസമയം, യൂറോപ്യന്‍ ഓഹരികള്‍ ഉയര്‍ന്നു. യു.എസ്. വിപണികളിലും ഉയര്‍ച്ചയുണ്ട്.