-->
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ചൈനീസ് കപ്പലുകളെ മാത്രമേ അനുവദിക്കൂവെന്ന് ഇറാന്‍. യു.എസ്-ഇസ്രയേല്‍ സംയുക്‌താക്രമണത്തില്‍ ഇറാന് അനുകൂലമായി നിലപാടെടുത്തതിന്റെ നന്ദിസൂചകമായാണ് ചൈനയ്‌ക്കുള്ള ഇളവ്.
പേര്‍ഷ്യന്‍ ഗള്‍ഫ് തുറമുഖങ്ങളില്‍നിന്നു വിശാലസമുദ്രത്തിലേക്കുള്ള പ്രവേശനകവാടമായ ഹോര്‍മുസ് കടലിടുക്ക് യുദ്ധപശ്‌ചാത്തലത്തില്‍ ഇറാന്‍ പൂര്‍ണമായി അടച്ചിരുന്നു. ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനവും ഇതുവഴിയായതിനാല്‍ ഇറാന്റെ നടപടി രാജ്യാന്തരവിപണിയെ വന്‍തോതില്‍ ബാധിക്കുമെന്നിരിക്കേയാണ് ചൈനയ്‌ക്കു മാത്രമായുള്ള ഇളവ്. കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ തകര്‍ക്കുമെന്നാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) താക്കീത്. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു തുറന്ന സമുദ്രത്തിലേക്കുള്ള പ്രവേശനമാര്‍ഗമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണനിയന്ത്രണം നിലവില്‍ ഐ.ആര്‍.ജി.സിക്കാണ്.ഇറാനെതിരേ യു.എസും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണം അസ്വീകാര്യമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ച നടപടിയേയും ചൈന അപലപിച്ചു. ഒരു പരമാധികാരരാഷ്‌ട്രത്തിന്റെ തലവനെ വധിച്ചതും നേതൃമാറ്റത്തിനുള്ള നീക്കങ്ങളും അംഗീകരിക്കാനാവില്ലെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൂണ്ടിക്കാട്ടി. പശ്‌ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിനു തൊട്ടുപിന്നാലെ ചൈന വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യുകയും കപ്പല്‍പ്പാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇറാനില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. എണ്ണനീക്കത്തിന്റെ ഏറിയപങ്കും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. കടലിടുക്ക് അടച്ചാല്‍ ഏറെ ബാധിക്കുന്നതും ചൈനയേയാകും. അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ആവശ്യമെങ്കില്‍ യു.എസ്. നാവികസേന സുരക്ഷാ അകമ്പടി നല്‍കുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്‌തമാക്കി. സ്വന്തം ഉടമസ്‌ഥതയിലുള്ള സാമൂഹികമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതം മുടങ്ങിയാല്‍ യു.എസിലടക്കം വിലക്കയറ്റത്തിനു കാരണമാകുമെന്നതു ട്രംപിന് വെല്ലുവിളിയാണ്.