-->
കുവൈത്ത്‌സിറ്റി: സന്ദര്‍ശക- റസിഡന്‍സി വിസകള്‍ക്ക് കാലാവധി നീട്ടി നല്‍കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അസാധാരണമായ സാഹചര്യങ്ങളുടെ പശ്‌ചാത്താലത്തില്‍ എല്ലാത്തരം വിസിറ്റ്(സന്ദര്‍ശന) വിസകള്‍ ഒരു മാസത്തേക്കും, രാജ്യത്തിന് പുറത്തുള്ള റസിഡന്‍സിക്കാര്‍ക്ക് മൂന്ന് മാസത്തേക്കും കാലാവധി നീട്ടികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. ഫെബ്രുവരി 28 മുതല്‍ ഒരു മാസത്തേക്കാണ് വിസിറ്റ് വിസകള്‍ നീട്ടിയത്.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വിസിറ്റ് കാലാവധി നീട്ടി ലഭിക്കും .ഇതിനായി റസിഡന്‍സി കേന്ദ്രങ്ങളില്‍ ആരും സന്ദര്‍ശിക്കേണ്ടതില്ല. ഫീസ്, പിഴ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ റസിഡന്‍സി വിസ കാലാവധി തീരുന്ന ഘട്ടമാണങ്കില്‍ അവ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും.
ഫീസുകള്‍ ഒഴിവാക്കിക്കൊണ്ട് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ നീട്ടി നല്‍കുന്നത്. രാജ്യത്തെ സ്‌ഥിതിഗതികളെ ആശ്രയിച്ച് പ്രഖ്യാപിച്ച കാലയളവ് കൂടുതല്‍ നീട്ടിയേക്കാമെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.
അനില്‍ പി. അലക്‌സ്