-->
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ക്യാമറ ആക്‌ടിവേറ്റ് ചെയ്‌തത് ചൈനയില്‍വച്ചാണെന്നു കണ്ടെത്തല്‍. ക്യാമറ ആരാണു വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് ഭീകരരുടെ കൈകളില്‍ എത്തിയതെന്നും അടക്കമുള്ള വിവരങ്ങള്‍ തേടി ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ. കോടതി ചൈനയ്‌ക്ക് 'ലെറ്റര്‍ റോഗേറ്ററി' അയച്ചു.
ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണശൃംഖലയും ഉപയോക്‌തൃവിശദാംശങ്ങളും കൈമാറാന്‍ അഭ്യര്‍ഥിച്ചാണ് കത്തു നല്‍കിയത്. കുറ്റവാളികളെ കൈമാറുന്നതിനോ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിനോ ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള കരാര്‍ ഇല്ലാത്തതിനാലാണ് യു.എന്‍. ഉടമ്പടിപ്രകാരം ലെറ്റര്‍ റൊഗേറ്ററി അയച്ചത്. ചൈനയിലെ കോടതിക്കാണ് എന്‍.ഐ.എ. കോടതി ലെറ്റര്‍ റൊഗേറ്ററി അയച്ചത്.
2025 ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുമാണ് ഭീകരര്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ചത്. അന്വേഷണത്തിനിടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 'സി3501325471706' എന്ന സീരിയല്‍ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറയാണ് നിര്‍ണായക തെളിവായി മാറിയത്.
ആക്രമണത്തിന് മുമ്പുള്ള ഭീകരരുടെ നീക്കങ്ങളും തയാറെടുപ്പുകളും മനസിലാക്കാന്‍ ഈ ക്യാമറ പ്രധാനമാണെന്ന് എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ക്യാമറയുടെ വിതരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി നെതര്‍ലന്‍ഡ്‌സിലെ ഗോപ്രോ ബി.വി. കമ്പനിയെ എന്‍.ഐ.എ. സമീപിച്ചിരുന്നു. ഈ ക്യാമറ ചൈന ആസ്‌ഥാനമായുള്ള 'എ.ഇ. ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്' എന്ന വിതരണക്കാരനാണ് നല്‍കിയതെന്നും 2024 ജനുവരി 30-ന് ചൈനയിലെ ഡോംഗുവാനില്‍ വച്ചാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ ക്യാമറ വാങ്ങിയ വ്യക്‌തിയുടെ വിശദാംശങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നും ചൈനയുടെ പരിധിയില്‍ വരുന്ന കാര്യമാണിതെന്നും കമ്പനി അറിയിച്ചു. ഇതോടെയാണ് പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണമുന ചൈനയിലേക്കും നീണ്ടത്.