-->
നടനും ടിവികെ നേതാവുമായ വിജയും ഭാര്യ സംഗീതയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കടിയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിവാഹേതര ബന്ധം, മാനസിക പീഡനം, എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. ഫെബ്രുവരി 27നായിരുന്നു സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ഇപ്പോള്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സംഗീതയ്ക്കും മക്കളായ ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടിയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1998ല്‍ ലണ്ടനില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ഇവര്‍, 1999 ഓഗസ്റ്റ് 25 ന് ചെന്നൈയില്‍ വെച്ചാണ് ആചാരപ്രകാരം വിവാഹിതരായത്. 2021 മുതല്‍ വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്നും ഇത് കുടുംബജീവിതത്തില്‍ വലിയ വിളളലുകള്‍ ഉണ്ടാക്കിയെന്നും സംഗീത ആരോപിക്കുന്നുണ്ട്. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഏപ്രില്‍ 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.