Wednesday, March 11, 2026 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 03.33 PM

' നിങ്ങളുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ മരുന്ന്' ; സ്തനാര്‍ബുദ ശസ്ത്രക്രിയ കഴിഞ്ഞതായി നടി രാജശ്രീ പാണ്ഡെ

cancer, shares
photo-www.instagram.com/rajshri_deshpande/

ആംഗ്രി ഇന്ത്യന്‍ ഗോഗസ്, സേക്രട്ട് ഗെയിംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് രാജശ്രീ പാണ്ഡെ. തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചുവെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ആശുപത്രി കിടക്കയില്‍ നിന്നുളള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് രാജശ്രീ തന്റെ ആരോഗ്യവിവരങ്ങള്‍ ആരാധകരെ അറിയിച്ചത്. അസുഖം നേരത്തെ കണ്ടെത്താന്‍ സാധിച്ചതാണ് തനിക്ക് പോരാടാനുളള കരുത്ത് നല്‍കിയതെന്ന് താരം വെളിപ്പെടുത്തി.

'നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, എനിക്ക് ഇന്‍ഫില്‍ട്രേറ്റിംഗ് ഡക്റ്റല്‍ കാര്‍സിനോമ (NOS) ഗ്രേഡ് 1 സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം എന്റെ മാതാപിതാക്കളോട് പറയാനുള്ള ധൈര്യം ഒടുവില്‍ ഞാന്‍ സംഭരിച്ചു എന്നാണ് അതിനര്‍ത്ഥം. ഇപ്പോള്‍ നിങ്ങളെല്ലാവരും ഈ വിവരം അറിയേണ്ട സമയമായിരിക്കുന്നു.

ഭാഗ്യവശാല്‍, ഒരു പതിവ് പരിശോധനയ്ക്കിടെ ഇത് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞു, അത് ഞങ്ങള്‍ക്ക് പോരാടാനുള്ള ഒരു അവസരം നല്‍കി. നിരവധി പരിശോധനകളും ശസ്ത്രക്രിയയും ഒരു 'റോളര്‍കോസ്റ്റര്‍ റൈഡ്' പോലെയായിരുന്നു, പക്ഷേ എന്നെ ഇതിലൂടെ മുന്നോട്ട് നയിച്ചത് എല്ലാവരുടെയും സ്‌നേഹവും കരുതലുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ അമ്മയുടെയും അച്ഛന്റെയും മുഖം കണ്ടപ്പോള്‍ എന്റെ ഭയമെല്ലാം തകര്‍ക്കാനാവാത്ത കരുത്തായി മാറി. എല്ലാവരുടെയും പിന്തുണയോടെ ലോകത്തെ നേരിടാന്‍ ഞാന്‍ തയ്യാറാണെന്ന് എനിക്ക് തോന്നുന്നു.

ഇപ്പോള്‍ ഞാന്‍ വളരെ നന്നായി സുഖം പ്രാപിച്ചുവരുന്നു, ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും. ഡോക്ടര്‍ മന്ദര്‍ നദ്കര്‍ണ്ണിക്ക് വലിയൊരു നന്ദി. അദ്ദേഹത്തിന്റെ വൈദഗ്ധ്യവും കരുതലും ഈ യാത്രയെ ഏറെ ലളിതമാക്കി.നിങ്ങളുടെ സ്‌നേഹമാണ് സത്യത്തില്‍ എന്റെ ഏറ്റവും വലിയ മരുന്ന്. രോഗമുക്തിക്കും പ്രതീക്ഷയ്ക്കും വരാനിരിക്കുന്ന നല്ല ദിനങ്ങള്‍ക്കുമായി ഇതാ''.- രാജശ്രീ പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാജശ്രീയുടെ പോസ്റ്റിനു താഴെയായി നിരവധി പേരാണ് താരത്തിന് സ്‌നേഹവും പിന്തുണയും അറിയിച്ച് രംഗത്തെത്തുന്നത്.

2012-ല്‍ ' തലാഷ്' എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് രാജശ്രീ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ' തഗ് ലൈഫ്' എന്ന ചിത്രത്തിലാണ് രാജശ്രീ അവസാനമായി അഭിനയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW