-->
ഗീതു മോഹന്‍ദാസ്- യഷ് ചിത്രം ' ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍- അപ്‌സി' ന്റെ ആഗോള റിലീസ് തീയതി മാറ്റി. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2026 മാര്‍ച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് പ്രീമിയര്‍, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂണ്‍ 4 ലേക്കാണ് മാറ്റിയത്.
ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാര്‍സ് ഫിലിംസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗള്‍ഫ് മേഖലയിലുടനീളം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും സിനിമാ പ്രദര്‍ശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാന്‍ പ്രേരിപ്പിച്ചത്.
"ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വർഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താല്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും."- നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.
യഷ് , നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ മൊഴി മാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും.