Wednesday, March 11, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

കെ.പി. ഉണ്ണിക്കൃഷ്‌ണന്‍ അന്തരിച്ചു

uploads/news/2026/03/828310/k7.jpg

കോഴിക്കോട്‌: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്‌ണന്‍ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ഒരാഴ്‌ചയായി കോഴിക്കോട്‌് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1971 മുതല്‍ 1996 വരെ തുടര്‍ച്ചയായി 25 വര്‍ഷം വടകരയില്‍നിന്ന്‌ ലോക്‌സഭാംഗമായിരുന്നു. വി.പി. സിങ്‌ മന്ത്രിസഭയില്‍ ഉപരിതലഗതാഗതം, വാര്‍ത്താവിനിമയം, ഷിപ്പിങ്‌ എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ്‌ മന്ത്രിയായി പ്രവര്‍ത്തിച്ചു.
ചെന്നൈയില്‍ വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലൂടെയാണ്‌ പൊതുരംഗത്തു വരുന്നത്‌. സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ യുവജനവിഭാഗമായ യങ്‌ സോഷ്യലിസ്‌റ്റ്‌ ലീഗിന്റെ പ്രവര്‍ത്തകനായി. പിന്നീട്‌ സമാജ്‌വാദി യുവക്‌ സഭയുടെ ദേശീയ സെക്രട്ടറിയായി.
1960-ലാണ്‌ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ നാഷണല്‍ യൂണിയന്‍ ഓഫ്‌ സ്‌റ്റുഡന്റ്‌സ്‌ ദേശീയ ജനറല്‍ സെക്രട്ടറിയായി. അന്ന്‌ ബോംബെയില്‍നിന്ന്‌ ലോകസഭാംഗമായിരുന്ന വി.കെ.കൃഷ്‌ണമേനോന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ കോണ്‍ഗ്രസ്‌ ഉണ്ണികൃഷ്‌ണനെ ചുമതലപ്പെടുത്തി. താമസിയാതെ ബോംബെയില്‍ നിന്ന്‌ എ.ഐ.സി.സി. അംഗമായി. അന്നത്തെ പ്രധാനമന്ത്രിയും എ.ഐ.സി.സി. അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുമായി അടുത്തബന്ധം സ്‌ഥാപിക്കാന്‍ കഴിഞ്ഞ ഉണ്ണികൃഷ്‌ണനെ, 1971-ലെ ലോക്‌ഭാതെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്‌ഥാനാര്‍ഥിയാക്കിയത്‌ ഏറെ ചര്‍ച്ചയായിരുന്നു. ലീലാ ദാമോദരമേനോനെ സ്‌ഥാനാര്‍ഥിയാക്കാനായിരുന്നു കെ.പി.സി.സി. ശുപാര്‍ശ ചെയ്‌തത്‌. ഇതിനെ മറികടന്നാണ്‌ എ.ഐ.സി.സി. ഉണ്ണിക്കൃഷ്‌ണന്റെ പേര്‌ അംഗീകരിച്ചത്‌.
അടിയന്തരാവസ്‌ഥയെത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ ഉണ്ണിക്കൃഷ്‌ണന്‍ മറുപക്ഷത്ത്‌ നിലയുറപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുമായി അകന്നു. 1980 മുതല്‍ 1991 വരെയുള്ള ലോകസഭാതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായാണ്‌ വടകരയില്‍ നിന്നു ജയിച്ചത്‌. കോണ്‍ഗ്രസ്‌ വിട്ടശേഷം ശരദ്‌പവാര്‍ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്‌-എസിന്റെ ദേശീയജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത്‌ ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയകക്ഷികളെ ഏകോപിപ്പിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബോഫോഴ്‌സ്‌ അഴിമതി ആരോപണം രേഖകള്‍ സഹിതം പാര്‍ലമെന്റില്‍ കൊണ്ടുവന്ന്‌ ശ്രദ്ധനേടി.
ഉപരിതലഗതാഗതമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ ദേശീയപാതവികസനത്തിന്‌ ഉണ്ണികൃഷ്‌ണന്‍ തുടങ്ങിവെച്ച പദ്ധതികളാണ്‌ പിന്നീട്‌ നാലുവരിപാതയായി യാഥാര്‍ഥ്യമായത്‌. മൂന്ന്‌ തവണ യു.എന്നില്‍ പ്രസംഗിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ വിദേശനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒട്ടേറെ വിദേശസര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തി. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ 1994-ല്‍ ഉണ്ണിക്കൃഷ്‌ണന്‍ കോണ്‍ഗ്രസിലേക്ക്‌ മടങ്ങി. നിലവില്‍ എ.ഐ.സി.സി അംഗമാണ്‌.
കോഴിക്കോട്‌ പന്നിയങ്കരയിലെ പത്മാലയത്തിലായിരുന്നു താമസം. ഡല്‍ഹിയിലെ അശോക ഹോട്ടലിലെ പബ്ലിക്‌ റിലേഷന്‍സ്‌ മാനേജരായിരുന്ന അമൃത കശ്യപ്‌ ആണ്‌ ഭാര്യ. മക്കള്‍: സുദക്ഷിണ (ലണ്ടന്‍), നിരഞ്‌ജന (മുംബൈ). മരുമകന്‍: സ്‌റ്റെഫാന്‍ (ലണ്ടന്‍). സംസ്‌കാരം ഇന്ന്‌ രാവിലെ ഒന്‍പതിന്‌ കോഴിക്കോട്‌ മാനാരി ശ്‌മശാനത്തില്‍.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW