-->
കൊച്ചി/അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തതിനു പിന്നാലെ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് ആശുപത്രി വിട്ടു വീട്ടിലെത്തി. കൊച്ചി അമൃതാ ആശുപത്രിയില്‍ നടത്തിയ ശസ്‌ത്രക്രിയയിലൂടെയാണ് ഉഷയുടെ വയറ്റില്‍നിന്ന് 'ആര്‍ട്ടറി ഫോര്‍സെപ്‌സ്' എന്ന ശസ്‌ത്രക്രിയാ ഉപകരണം പുറത്തെടുത്തത്. മാതാ അമൃതാനന്ദമയി മഠം സൗജന്യമായി ചികിത്സ ചെയ്‌തു കൊടുക്കുകയായിരുന്നു.
ഉഷാ ജോസഫിനായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഒരു സഹായവും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തവണ മന്ത്രി വിളിച്ചു. പിന്നീട് എച്ച്. സലാം എം.എല്‍.എ. വിളിച്ചെങ്കിലും തൃപ്‌തികരമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം.-ഷിബിന്‍ പറഞ്ഞു. ചികിത്സയ്‌ക്കായി ഇടപെട്ട കെ.സി. വേണുഗോപാല്‍ എം.പിക്കും ചികിത്സ നടത്തിയ അമൃത ആശുപത്രിക്കും ഷിബിന്‍ നന്ദി പറഞ്ഞു.
വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷമാണ് ഉഷ ജോസഫ് (59) വേദന അനുഭവിച്ചത്. ഇനി ഒരു സ്‌ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നായിരുന്നു വീട്ടില്‍ മടങ്ങിയെത്തിയ ഉഷ നിറകണ്ണുകളോടെ പ്രതികരിച്ചത്.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷാ ജോസഫിന്റെ ശസ്‌ത്രക്രിയ നടന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്‌തസ്രാവം ഉണ്ടാകുകയും ചെയ്‌തു. തുടര്‍ന്നു നടത്തിയ പരിശോധനകളിലാണു വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പിയുടെ ഇടപെടലിനെത്തുടര്‍ന്ന് എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ ശസ്‌ത്രക്രിയയില്‍ വയറ്റില്‍ നിന്നു പുറത്തെടുത്ത കത്രിക തൊണ്ടി മുതലായി അമ്പലപ്പുഴ പോലീസിനു കൈമാറിയിട്ടുണ്ട്. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന ഉഷാ ജോസഫിന് ഇനി ജോലിക്കും പോകാനും കഴിയില്ല. ഈ മാസം 17 ന് വീണ്ടും ആശുപത്രിയില്‍ ചികിത്സയ്‌ക്ക് ചെല്ലണം. അതുവരെ പൂര്‍ണ വിശ്രമമാണു നിര്‍ദേശിച്ചിരിക്കുന്നത്.
കത്രിക പുറത്തെടുക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്‌ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണു നേതൃത്വം നല്‍കിയത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഉഷയുടെ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.