Wednesday, March 11, 2026 Last Updated 54 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

പേരാവൂരില്‍ പോരിന്‌ ശൈലജ വേണം; പി.ബി. നേരിട്ടു രംഗത്തിറങ്ങും

uploads/news/2026/03/828305/k2.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം നേരിട്ടു രംഗത്തിറങ്ങും. മട്ടന്നൂരില്‍നിന്ന്‌ ഒഴിവാക്കി പേരാവൂരിലേക്ക്‌ മാറ്റുന്നതിലുള്ള അതൃപ്‌തി ശൈലജ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ ഈ ദൗത്യം തള്ളില്ലെന്നാണ്‌ സി.പി.എം സംസ്‌ഥാന സമിതിയുടെ വിലയിരുത്തല്‍. പേരാവൂരില്‍ മത്സരിക്കാന്‍ ശൈലജയ്‌ക്ക്‌ മേല്‍ പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ നേരിട്ട്‌ സമ്മര്‍ദ്ദം ചെലുത്തും. മത്സരത്തില്‍നിന്നു പിന്മാറുന്നത്‌ വലിയ തിരിച്ചടിയാകുമെന്ന്‌ പി.ബി. വിലയിരുത്തുന്നുണ്ട്‌. അതേസമയം, കണ്ണൂര്‍ ജില്ലയിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പി. ജയരാജന്റെ പേര്‌ പരിഗണിക്കേണ്ടതില്ലെന്നാണ്‌ സംസ്‌ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാട്‌.
ജയരാജനെ സജീവ രാഷ്‌ട്രീയ പോരാട്ടങ്ങളില്‍നിന്ന്‌ അകറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി ഇക്കുറിയും അദ്ദേഹത്തിന്‌ സീറ്റ്‌ നല്‍കില്ലെന്ന്‌ ഉറപ്പായി. എന്നാല്‍, ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്‌ എം.എം മണിയുടെ കാര്യത്തില്‍ പാര്‍ട്ടി മൃദുസമീപനം സ്വീകരിച്ചേക്കും. ഉടുമ്പന്‍ചോലയില്‍ വീണ്ടും മത്സരിക്കാനുള്ള മണിയുടെ താല്‍പ്പര്യം സംസ്‌ഥാന നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ 'ടേം' വ്യവസ്‌ഥയില്‍ ഇളവ്‌ നല്‍കാനാണ്‌ സാധ്യത.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ ശൈലജയെപ്പോലൊരു ജനകീയ മുഖം വേണമെന്നാണ്‌ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നത്‌. മട്ടന്നൂരില്‍ വി.കെ. സനോജിനെ ഇറക്കുന്നതിലൂടെ യുവാക്കള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നു എന്ന സന്ദേശമാണ്‌ പാര്‍ട്ടി നല്‍കുന്നത്‌. എന്നാല്‍, ശൈലജയെ സംബന്ധിച്ച്‌ ഇത്‌ കടുത്ത പരീക്ഷണമാണ്‌.
പേരാവൂരില്‍ തോല്‍വി നേരിട്ടാല്‍ അത്‌ അവരുടെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ശൈലജയെ അനുകൂലിക്കുന്നവര്‍ക്കുണ്ട്‌. തലശേരിയില്‍ ഷംസീറിന്‌ പകരം കാരായി രാജനെയും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെയും ഇറക്കുന്നതിലൂടെ കണ്ണൂരില്‍ പിണറായി പക്ഷം പൂര്‍ണ നിയന്ത്രണം ഉറപ്പാക്കിയിരിക്കുകയാണ്‌. പി. ജയരാജനെ പാടെ ഒഴിവാക്കിയതിലും ശൈലജയുടെ മണ്ഡലം മാറ്റത്തിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്‌. ഇത്‌ വോട്ടായി മാറുമോ എന്ന ഭയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്‌. വരും ദിവസങ്ങളില്‍ ചേരുന്ന സംസ്‌ഥാന സമിതി യോഗത്തില്‍ ശൈലജ തന്റെ അന്തിമ നിലപാട്‌ വ്യക്‌തമാക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്‌തത വരും.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW