Wednesday, March 11, 2026 Last Updated 47 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

ആറന്മുളയില്‍ വീണയില്ലെങ്കില്‍ പിന്നെയാര്‌ ?

പത്തനംതിട്ട: വ്യവസ്‌ഥകളില്‍ ഇളവ്‌ നല്‍കിയെങ്കിലും ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ ആറന്മുളയില്‍നിന്നു നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ സാധ്യത ഇല്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ പകരം ആരെന്ന്‌ ചോദ്യവുമായി ജില്ലാ നേതൃത്വം. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ്‌ കുമാറും തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനം മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടത്തി വിവാദത്തിലായ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രതികരിക്കാന്‍ തയറായിട്ടുമില്ല.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റിലും സംസ്‌ഥാന നേതൃത്വത്തിലും ആറന്മുളയില്‍ വീണാ ജോര്‍ജിനെ തന്നെ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ വീണ്ടും മത്സരിക്കുന്നതിനോട്‌ കുടുംബത്തിന്‌ താത്‌പര്യം ഇല്ലെന്നാണ്‌ പുറത്തുവരുന്ന വിവരം.ഇക്കാര്യം അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്‌.ആദ്യം ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ സഭയുടെ പിന്തുണ ഉറപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ സെക്രട്ടറി ആയിരുന്ന ഭര്‍ത്താവ്‌ ജോര്‍ജ്‌ ജോസഫിന്‌ കഴിഞ്ഞിരുന്നു. അന്ന്‌ ഇത്തരത്തില്‍ ശക്‌തമായ പ്രചാരണവും നടത്തി.ഇതോടെയാണ്‌ കോണ്‍ഗ്രസിലെ കെ.ശിവദാസന്‍ നായര്‍ വിജയം ഉറപ്പിച്ചിരുന്ന മണ്ഡലം വീണാ ജോര്‍ജിലൂടെ പിടിച്ചെടുത്തത്‌.
ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നു.എന്നാല്‍ ഇതിന്‌ മുന്‍പ്‌ നടന്ന ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണി സ്‌ഥാനാര്‍ഥിയായി പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നെങ്കിലും ആന്റോ ആന്റണിയോട്‌ പരാജയപ്പട്ടു.
തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇക്കുറിയും വീണയുടെ പേരിനായിരുന്നു മുന്‍തൂക്കം ഇതിന്‌ സംസ്‌ഥാന നേതൃത്വം പിന്തുണ നല്‍കുകയും ചെയ്‌തു.എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തക്കവിധമുള്ള മുന്നൊരുക്കങ്ങള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും മുഖ്യ പ്രചാരണ വിഷയമായി പ്രതിപക്ഷം ഉയര്‍ത്തികാട്ടുകയും ചെയ്യുകയാണ്‌.പത്തനംതിട്ട നഗരമധ്യത്തിലെ അബാന്‍ മേല്‍പ്പാലവും കോഴഞ്ചേരി പാലവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനിടയിലാണ്‌ കണ്ണൂര്‍ റെയില്‍വേ സേ്‌റ്റഷനില്‍ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നതും തുടര്‍ സംഭവങ്ങളും.ഇതെല്ലാം ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ഇനി മത്സരത്തിനില്ല എന്ന സൂചനയില്‍ കഴമ്പുണ്ട്‌. വീണാ ജോര്‍ജ്‌ മത്സര രംഗത്തേക്ക്‌ വരുന്നില്ലെങ്കില്‍ സംസ്‌ഥാന നേതൃത്വം അപ്രതീക്ഷിത സ്‌ഥാനാര്‍ഥിയെ കൊണ്ടുവരുമെന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌.എന്നാല്‍ ജില്ലാ സെക്രട്ടറി മുന്‍ എം.എല്‍.എ. കൂടിയായ രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആര്‍.സനല്‍ കുമാര്‍,ആര്‍.അജയകുമാര്‍ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്‌.
ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന മണ്ഡലം കൂടിയാണ്‌ ആറന്മുള. ഓര്‍ത്തഡോക്‌സ്‌ സഭാംഗമായ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകും എന്ന സൂചനയുണ്ട്‌.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW