Wednesday, March 11, 2026 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

വിപണി ഇടിച്ച്‌ വിനാശയുദ്ധം ,രാജ്യാന്തര എണ്ണവ്യാപാരം വന്‍പ്രതിസന്ധിയില്‍

uploads/news/2026/03/828286/int4.jpg

ദുബായ്‌/ടെല്‍ അവീവ്‌: നാലാം ദിവസവും പിന്നിട്ട്‌ പശ്‌ചിമേഷ്യന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആഗോളവിപണിയില്‍ വന്‍തകര്‍ച്ച. യു.എസ്‌/ഇസ്രയേല്‍-ഇറാന്‍ പോരാട്ടം എണ്ണ വ്യാപാരത്തെ കാര്യമായി ബാധിച്ചതോടെയാണിത്‌. ആഗോളവിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ഒറ്റരാത്രികൊണ്ട്‌ 4% വര്‍ധിച്ചു. ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള ഖത്തര്‍ ഉത്‌പാദനം നിര്‍ത്തിവച്ചു. യൂറോപ്യന്‍ ഓഹരിവിപണിയില്‍ മൂന്നുശതമാനവും യു.എസ്‌. ഓഹരിവിപണിയില്‍ രണ്ടുശതമാനവും ഇടിവുണ്ടായി.
സംഘര്‍ഷം രൂക്ഷമായതോടെ, ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചെന്നും അതിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലിനു തീയിടുമെന്നും ഐ.ആര്‍.ജി.സി. അറിയിച്ചു. ഇതും വിപണിയില്‍ ആശങ്ക പടരുന്നതിന്‌ കാരണമായി. ഇറാനെതിരായ യുദ്ധം എത്രനാള്‍ നീളുമെന്ന കാര്യത്തില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപോ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവോ വ്യക്‌തമായ മറുപടി നല്‍കുന്നില്ല. രണ്ടാഴ്‌ചകൊണ്ട്‌ പൂര്‍ത്തീകരിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ഇസ്രയേല്‍ ആക്രമണമാരംഭിച്ചതെങ്കിലും ഇറാനിലെ ഭരണമാറ്റമെന്ന പ്രഖ്യാപിതലക്ഷ്യം എത്ര അകലെയാണെന്നു വ്യക്‌തമല്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇറാന്‍ പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള ഉന്നതരെ വധിക്കാനായത്‌ വന്‍നേട്ടമായാണ്‌ ഇസ്രയേല്‍ വിലയിരുത്തുന്നത്‌. എന്നാല്‍, ട്രംപിന്റെ സ്വഭാവം പ്രവചനാതീതമായതിനാല്‍ ഇറാനുമായി സന്ധിക്കുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ്‌ ഇസ്രയേലിന്റെ അതിവേഗനീക്കങ്ങള്‍. യുദ്ധം വര്‍ഷങ്ങളോളം നീളില്ലെന്ന്‌ നെതന്യാഹുവും അഞ്ചോ ആറോ ആഴ്‌ച നീണ്ടേക്കാമെന്ന്‌ ട്രംപും പ്രതികരിച്ചു.
ടെഹ്‌റാനില്‍ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ (ഐ.ആര്‍.ഐ.ബി) ആസ്‌ഥാനത്തേക്കും ഇസ്രയേല്‍ ആക്രമണം നടത്തി. ഭരണനേതൃത്വമോ സര്‍ക്കാര്‍ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തില്‍ എവിടെ അഭയം തേടുമെന്ന ആശങ്കയാണ്‌ ഇറാന്‍ ജനത പങ്കുവയ്‌ക്കുന്നത്‌. ശൂന്യമായ തലസ്‌ഥാനനഗരത്തിലെമ്പാടും പുകയും ചോരയുമാണെന്ന്‌ ബാങ്ക്‌ ഉദ്യോഗസ്‌ഥനായ ബിജാന്‍ എന്നയാള്‍ റോയിട്ടേഴ്‌സ്‌ വാര്‍ത്താ ഏജന്‍സിയോട്‌ ടെലിഫോണില്‍ പ്രതികരിച്ചു. അതേസമയം, ആഴ്‌ചകള്‍ക്കു മുമ്പ്‌ രാജ്യത്തെ ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്തിയ ഖമനേയി കൊല്ലപ്പെട്ടതില്‍ ചിലര്‍ ആഹ്‌ളാദപ്രകടനം നടത്തി.
ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനിലും ലെബനന്‍ തലസ്‌ഥാനമായ ബെയ്‌റൂട്ടിലും ഇന്നലെ കനത്ത വ്യോമാക്രമണമുണ്ടായി. ഇറാന്‍ അനുകൂല തീവ്രവാദസംഘടനയായ ഹിസ്‌ബുള്ള ലെബനന്‍ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇറാനെ പിന്തുണച്ച്‌ ഹിസ്‌ബുള്ളയും പോരാട്ടത്തില്‍ പങ്കുചേര്‍ന്നതോടെയാണ്‌ ഇസ്രയേല്‍ ലെബനനെ ലക്ഷ്യമിട്ടത്‌. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം ബെയ്‌റൂട്ടില്‍ നിരവധിപ്പേരുടെ ജീവനെടുത്തു.
ഇറാനില്‍ മരണം 787

യു.എസ്‌-ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച ഇറാന്‍കാരുടെ എണ്ണം 787 ആയെന്ന്‌ രാജ്യാന്തരസന്നദ്ധസംഘടനയായ റെഡ്‌ ക്രസന്റ്‌ വ്യക്‌തമാക്കി. യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കൂട്ടസംസ്‌കാരച്ചടങ്ങില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്‌തു.

സൗദി, കുവൈത്ത്‌ എംബസികള്‍
അടച്ച്‌ യു.എസ്‌.

അവശ്യ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ഒഴികെ, തങ്ങളുടെ മുഴുവന്‍ പൗരന്‍മാരോടും യു.എ.ഇ, ഖത്തര്‍, കുവൈത്ത്‌, ബെഹ്‌റൈന്‍, ഇറാഖ്‌, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു മടങ്ങാന്‍ യു.എസ്‌. നിര്‍ദേശിച്ചു. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തേത്തുടര്‍ന്ന്‌ സൗദി അറേബ്യയിലെയും കുവൈത്തിലെയും യു.എസ്‌. എംബസികള്‍ അടച്ചു. റിയാദിലെ യു.എസ്‌. എംബസിയില്‍ ഇന്നലെ രണ്ട്‌ ഡ്രോണുകളാണ്‌ പതിച്ചത്‌. നഗരത്തിലേക്ക്‌ കടക്കുന്നതിനു മുമ്പ്‌ എട്ട്‌ ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇറാനെതിരേ ഇസ്രയേല്‍ ആക്രമണമാരംഭിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കുനേരെയും പ്രത്യാക്രമണമുണ്ടാകുമെന്ന ബോധ്യത്തോടെയാണ്‌ യുദ്ധത്തില്‍ പങ്കുചേര്‍ന്നതെന്ന്‌ യു.എസ്‌. വിദേശകാര്യ സെക്രട്ടറി മാര്‍ക്ക്‌ റൂബിയോ ക്യാപിറ്റോള്‍ ഹില്ലില്‍ മാധ്യമങ്ങളോട്‌ വിശദീകരിച്ചു.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW