-->
ന്യൂയോര്‍ക്ക്: ഇറാനുമായി നടന്ന സൈനിക ഏറ്റുമുട്ടലുകള്‍ക്കു വിരാമമായെന്നു സൂചന നല്‍കി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ വ്യോമ-നാവികസേനകള്‍ പൂര്‍ണമായും നശിച്ചതായും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള നേതൃനില ഇല്ലാതായെന്നും അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ പ്രതികരണം.
മൂന്ന് ദിവസം മുന്‍പ് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തിയ സംയുക്‌താക്രമണത്തിനു പിന്നാലെ ടെഹ്‌റാന്‍ ശക്‌തമായ തിരിച്ചടി നടത്തിയിരുന്നു. ഇതോടെ മധ്യപൂര്‍വേഷ്യ വീണ്ടും യുദ്ധഭീതിയിലേക്കു നീങ്ങുന്നതിനിടയിലാണ് അമേരിക്കയില്‍ ഭാഗത്തുനിന്ന് മയപ്പെട്ട ഒരു നീക്കമുണ്ടാകുന്നത്.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഏറ്റുമുട്ടലുകള്‍ക്കു വിരാമമാകുന്നതായി ട്രംപ് സൂചന നല്‍കിയത്. "അവരുടെ (ഇറാന്‍) വ്യോമപ്രതിരോധം, നാവിക-വ്യോമ സേനകള്‍, നേതൃത്വം... എല്ലാം ഇല്ലാതായി. അവര്‍ സംസാരിക്കാനാഗ്രഹിക്കുന്നു. പക്ഷേ വളരെ വൈകിപ്പോയെന്ന് ഞാന്‍ പറഞ്ഞു." -ട്രംപ് കുറിച്ചു. വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ പ്രസിദ്ധീകരിച്ച
'സിദ്ധാന്തത്തിന്റെ ജനനം' എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.എസുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തലവന്‍ അലി ലാരിജാനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ഇറാനിയന്‍ ഉദ്യോഗസ്‌ഥര്‍ ട്രംപുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലാരിജാനി നിഷേധിച്ചു.
ശനിയാഴ്‌ചയാണ് ഇറാനെതിരേ യു.എസും ഇസ്രയേലും സംയുക്‌താക്രമണം ആരംഭിച്ചത്. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള യുദ്ധക്കപ്പലുകളില്‍നിന്ന് ടോമാഹോക്ക് ഉള്‍പ്പെടെയുള്ള ബാലിസ്‌റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച സംയുക്‌തസേന, അഞ്ചാം തലമുറ സ്‌റ്റെല്‍ത്ത് യുദ്ധവിമാനങ്ങളായ എഫ്-22 റാപ്‌റ്റര്‍, എഫ്-35 എന്നിവ ഉപയോഗിച്ച് വ്യോമാക്രമണവും നടത്തി. മിസൈലുകളിലുടെയും യുദ്ധവിമാനങ്ങളുടെയും വിന്യാസവും അവര്‍ ശക്‌തമാക്കി. ഇതിനു മറുപടിയായി ഇറാന്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് ഇസ്രയേലിനെയും മേഖലയിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെയും ആക്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍ കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ദുബായ് നഗരത്തിലെ ഒരു ആഡംബര ഹോട്ടലില്‍ തീപിടിത്തമുണ്ടായതും ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടതും രാജ്യാന്തര ഗതാഗതത്തെ ബാധിച്ചു. ഏകദേശം 50,000 പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടെഹ്‌റാനിലെ ഇറാന്‍ ഭരണകൂട മന്ദിരങ്ങളെ ലക്ഷ്യം വച്ചായിരുന്നു യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍.
സംഘര്‍ഷം ശക്‌തമായതിന്റെ പ്രതിഫലനം രാജ്യാന്തര ഊര്‍ജ വ്യാപാരത്തിലും കാണപ്പെട്ടു. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് ഊര്‍ജവിപണിക്ക് ആഘാതമായത്. ലോക എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തിന്റെയും ഗതാഗതം ഈ കടലിടുക്കിലൂടെയാണ്. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം ആഗോള രാഷ്‌ട്രീയത്തെയും സമ്പദ് വ്യവസ്‌ഥയെയും എങ്ങനെ ബാധിക്കുമെന്നാണു ലോകം ഉറ്റുനോക്കുന്നത്.